Los Angeles (US) : ഹോളിവുഡ് താരം ബ്രാഡ് പിറ്റ് തന്‍റെ അഭിനയ ജീവിതത്തിന് തിരശ്ശീലയിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അഭിനയത്തിന്‍റെ അവസാന പാദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഓസ്‌കർ ജേതാവ് കൂടിയായ ബ്രാഡ് പിറ്റ് ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘കരിയറിന്‍റെ അവസാന പാദത്തിലാണ് ഞാന്‍ എന്ന് കരുതുന്നു. എങ്ങനെ ഈ ഘട്ടം കൊണ്ടുപോകും ? എങ്ങനെയാണ് ഞാനത് ക്രമീകരിക്കേണ്ടത് ?’ ബ്രാഡ് പിറ്റ് ചോദിക്കുന്നു. നീണ്ട 30 വർഷത്തെ അഭിനയ ജീവിതത്തിന് 1980കളുടെ അവസാനത്തിലാണ് ബ്രാഡ് പിറ്റ് തുടക്കം കുറിക്കുന്നത്. 1991ൽ റിലീസ് ചെയ്‌ത തെൽമ & ലൂയിസി എന്ന ചിത്രം താരത്തെ പ്രശസ്‌തനാക്കി.
ഫൈറ്റ് ക്ലബ്, ഓഷ്യൻസ് സീരീസ്, ട്രോയ്, മിസ്റ്റർ & മിസിസ് സ്മിത്ത്, ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ, ഇൻഗ്ലോറിയസ് ബാസ്റ്റർഡ്‌സ്, മണിബോൾ, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് (2019) തുടങ്ങിയവ അദ്ദേഹത്തിന്‍റെ ഹിറ്റ് ചിത്രങ്ങളാണ്. വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്ന ചിത്രത്തിന് ബ്രാഡ് പിറ്റ് മികച്ച സഹനടനുള്ള അക്കാദമി അവാർഡ് സ്വന്തമാക്കിയിരുന്നു.
അടുത്തിടെ ദി ലോസ്റ്റ് സിറ്റി എന്ന ചിത്രത്തിൽ ബ്രാഡ് പിറ്റ് അതിഥി വേഷത്തിലുമെത്തി. ബ്രാഡ് പിറ്റ് പ്രധാനവേഷത്തിലെത്തുന്ന സോണി ചിത്രം ബുള്ളറ്റ് ട്രെയിൻ ഓഗസ്റ്റ് അഞ്ചിന് റിലീസ് ചെയ്യും. നിർമാതാവെന്ന നിലയിലും പ്രശസ്‌തനാണ് ബ്രാഡ് പിറ്റ്. 12 ഇയേഴ്‌സ് എ സ്ലേവ്, ദി ഡിപ്പാർട്ടഡ്, മൂൺലൈറ്റ്, മിനാരി തുടങ്ങിയ അവാർഡ് കരസ്ഥമാക്കിയ സിനിമകൾ താരത്തിന്‍റെ പ്രൊഡക്ഷൻ കമ്പനിയായ പ്ലാൻ ബി എന്‍റർടെയ്‌ൻമെന്‍റ് നിർമിച്ചവയാണ്.
ബ്രാഡ് പിറ്റ് അഭിനയ ജീവിതം അവസാനിപ്പിക്കുകയാണെങ്കിൽ ഹോളിവുഡില്‍ അവശേഷിക്കുന്ന ബിഗ് സ്‌ക്രീനിലെ വമ്പന്‍ താരങ്ങളില്‍ ഒരാളെയാകും നഷ്ടപ്പെടുന്നതെന്ന് ക്വെന്‍റിന്‍ ടരന്‍റീനോ പ്രതികരിച്ചു. 'ബ്രാഡ് വ്യത്യസ്‌ത തരത്തിലുള്ള മനുഷ്യനാണ്. ഇൻഗ്ലോറിയസ് ബാസ്റ്റർഡ്‌സ് ചെയ്യുമ്പോഴാണ് എനിക്കത് മനസിലായത്. ബ്രാഡിന്‍റെ ഷോട്ട് ചിത്രീകരിക്കുമ്പോൾ കാമറയുടെ വ്യൂഫൈൻഡറിലൂടെ നോക്കുന്നത് പോലെ തോന്നില്ല. ഒരു സിനിമ കാണുന്നത് പോലെയാണ് അനുഭവപ്പെടുക' - ടരന്‍റീനോ പറഞ്ഞു.