അന്താരാഷ്‌ട്ര ബുക്കര്‍ സമ്മാനത്തിനായുള്ള (Booker Prize) പുസ്‌തകങ്ങളുടെ ലോങ് ലിസ്റ്റ് പുറത്ത്. യഥാർഥവും ആവേശകരവുമായ 13 പുസ്‌തകങ്ങളാണ് പട്ടികയിലുള്ളത്. നാല് നവാഗത നോവലിസ്റ്റുകളും ആദ്യമായി ലോങ് ലിസ്റ്റ് ചെയ്യപ്പെട്ട മറ്റ് ആറ് പേരും പട്ടികയിൽ ഉൾപ്പെടുന്നു. കൂടാതെ ഏഴ് തവണ ബുക്കർ നോമിനേഷൻ ലഭിച്ച സെബാസ്റ്റ്യൻ ബാരി, ടാൻ ട്വാൻ എങ്, പോൾ മുറെ എന്നീ എഴുത്തുകാരുമാണ് പട്ടികയില്‍ ഉള്ളത്.
മുറെയുടെ 'ദി ബീ സ്റ്റിങ്' ഉൾപ്പടെ പട്ടികയിൽ മൂന്നിലൊന്നും ഐറിഷ് എഴുത്തുകാരുടെ നോവലുകളാണ്. ഇതാദ്യമായാണ് ഇത്തരത്തില്‍ ഐറിഷ് എഴുത്തുകാരുടെ സൃഷ്‌ടികൾ പട്ടികയിൽ ഇടംപിടിക്കുന്നത്. സാമ്പത്തികവും വൈകാരികവുമായ പ്രതിസന്ധിയിലായ ഒരു ഐറിഷ് കുടുംബത്തെക്കുറിച്ചുള്ള കഥയാണ് മുറെയുടെ 'ദി ബീ സ്റ്റിങ്'.
ബുക്കർ പുരസ്‌കാരത്തിന്‍റെ ചരിത്രത്തില്‍ ഈ വർഷത്തേത് ഉൾപ്പടെ 37 ഐറിഷ് എഴുത്തുകാരാണ് ഇതുവരെ പട്ടികയില്‍ ഇടംപിടിച്ചത്. ഇതോടെ ഏറ്റവും കൂടുതൽ നോമിനികളെ സൃഷ്‌ടിച്ച രാജ്യമായി അയർലൻഡ് മാറി. നൈജീരിയൻ എഴുത്തുകാരി അയ്‌ബാമി അഡെബയ്‌യും പട്ടികയിലുണ്ട്.
'എ സ്‌പെൽ ഓഫ് ഗുഡ് തിംഗ്‌സ്' എന്ന നോവലിലൂടെയാണ് അയ്‌ബാമി അഡെബയ് ലോങ് ലിസ്റ്റില്‍ ഇടംപിടിച്ചത്. ബുക്കർ പ്രൈസിന് നാമനിർദേശം ചെയ്യപ്പെടുന്ന അഞ്ചാമത്തെ നൈജീരിയൻ എഴുത്തുകാരിയാണ് അയ്‌ബാമി അഡെബയ്. 'ആധുനിക നൈജീരിയയിലെ ക്ലാസിന്‍റെയും ആഗ്രഹങ്ങളുടെയും പരിശോധനയാണ് 'എ സ്‌പെൽ ഓഫ് ഗുഡ് തിംഗ്‌സ്' എന്നാണ് ജഡ്‌ജിങ് പാനലിന്‍റെ വിലയിരുത്തൽ.
രണ്ട് തവണ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട നോവലിസ്റ്റ് ഇസി എഡുഗ്യാൻ, നടൻ അഡ്‌ജോ ആൻഡോ, കവി മേരി ജീൻ ചാൻ, ഷേക്‌സ്‌പിയർ പണ്ഡിതൻ ജെയിംസ് ഷാപിറോ, നടനും എഴുത്തുകാരനുമായ റോബർട്ട് വെബ്ബ് എന്നിവരടങ്ങിയ ജഡ്‌ജിങ് പാനലാണ് ഈ വർഷത്തെ ലോങ് ലിസ്റ്റ് തിരഞ്ഞെടുത്തത്.
'ഏഴു മാസത്തിനിടെ ഞങ്ങൾ 163 നോവലുകൾ വായിച്ചു, ആ സമയത്ത് ലോകം മുഴുവൻ ഞങ്ങൾക്കായി തുറന്നുകിട്ടി. 20-ആം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ മെയ്‌നിലേക്കും പെനാങ്ങിലേക്കും, ലാഗോസിലെ ചടുലമായ തെരുവുകളിലേക്കും ലണ്ടനിലെ സ്‌ക്വാഷ് കോർട്ടുകളിലേക്കും, അറ്റ്ലാന്‍റിക്കിന്‍റെ ഏറ്റവും കറുത്ത ആഴങ്ങളിലേക്കും, അവകാശങ്ങൾ നഷ്‌ടപ്പെടുന്നത് ഒരു കഠിനമായ മുന്നറിയിപ്പായി വരുന്ന ഒരു ഡിസ്റ്റോപിക് അയർലണ്ടിലേക്കും ഞങ്ങൾ കൊണ്ടുപോകപ്പെട്ടു.' ജഡ്‌ജിങ് ചെയർ എഡുഗ്യാൻ പറഞ്ഞു.
അതേസമയം ഈ വർഷം ഫിക്ഷനുള്ള പുലിറ്റ്‌സർ സമ്മാനവും വനിത സമ്മാനവും നേടിയ ബാർബറ കിംഗ്‌സോൾവറിന്‍റെ 'ഡെമോൺ കോപ്പർഹെഡ്', സാഡി സ്‌മിത്തിന്‍റെ വരാനിരിക്കുന്ന 'ദി ഫ്രോഡ്' എന്നിവ ലോങ് ലിസ്റ്റിൽ ഇടംപിടിച്ചില്ല. എന്നാല്‍ സെപ്‌റ്റംബറിൽ വൺവേൾഡ് പ്രസിദ്ധീകരിച്ച, സ്വേച്ഛാധിപത്യ ഗവൺമെന്‍റിന്‍റെ പിടിയിലാകുന്ന അയർലണ്ടിനെ കുറിച്ചുള്ള പോൾ ലിഞ്ചിന്‍റെ 'പ്രൊഫറ്റ് സോങ്' ഉൾപ്പെടെയുള്ള സ്വതന്ത്ര പ്രസാധകരിൽ നിന്നുള്ള കൃതികൾ പട്ടികയിലുണ്ട്.
'സ്ഥാപിത ശബ്‌ദങ്ങളുടെ പ്രതിരൂപത്താലുള്ള പുതിയ ശബ്‌ദങ്ങളുടെ അപ്രസക്തത' എന്നതാണ് ലോങ് ലിസ്റ്റിനെ നിർവചിച്ചിരിക്കുന്നതെന്ന് എഡുഗ്യാൻ പറഞ്ഞു.'നോവലുകൾ ചെറിയ വിപ്ലവങ്ങളാണ്, ഓരോന്നും ഭാഷയെ ഊർജസ്വലമാക്കാനും ഉണർത്താനും ശ്രമിക്കുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് അഞ്ചാം തവണയാണ് ബാരി ബുക്കർ പുരസ്‌കാരത്തിന്‍റെ അംഗീകാരം നേടുന്നത്. അദ്ദേഹത്തിന്‍റെ നോവൽ, 'ഓൾഡ് ഗോഡ്‌സ് ടൈം', ഒരു റിട്ടയേർഡ് പൊലീസുകാരന്‍റെ കഥയാണ് പറയുന്നത്. ഒരു കൊലപാതക അന്വേഷണത്തിനിടെ അയാൾക്ക് സ്വന്തം ഭൂതകാലത്തെ അഭിമുഖീകരിക്കേണ്ടി വരികയാണ്. അതേസമയം എഴുതിയ മൂന്ന് നോവലുകളും ബുക്കർ നാമനിർദേശം ചെയ്യപ്പെട്ടു എന്ന അപൂർവത സ്വന്തമാക്കിയിരിക്കുകയാണ് എഴുത്തുകാരൻ ടാൻ ട്വാൻ എംഗ്. സോമർസെറ്റ് മൗഗമിന്‍റെ ജീവിതവും എഴുത്തും ഉൾക്കൊള്ളുന്ന 'ഹൗസ് ഓഫ് ഡോർസ്' ആണ് ഏറ്റവും ഒടുവില്‍ പട്ടികയില്‍ ഇടംപിടിച്ചത്.
ആറ് പുസ്‌തകങ്ങളുടെ ഷോർട്ട്‌ലിസ്റ്റ് സെപ്റ്റംബർ 21 ന് പ്രഖ്യാപിക്കും. നവംബർ 26 നാണ് വിജയിയെ പ്രഖ്യാപിക്കുക. വിജയിക്ക് 50,000 പൗണ്ടാണ് സമ്മാനമായി ലഭിക്കുക. അതേസമയം ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നോവലിസ്റ്റുകൾക്ക് ഓരോരുത്തർക്കും 2,500 പൗണ്ട് വീതം ലഭിക്കും.
ഈ വർഷത്തെ വിധികർത്താക്കളുടെ അനുഭവ പരിചയവും വൈദഗ്ദ്ധ്യവും സംവേദന ക്ഷമതയും എടുത്തു പറയേണ്ടതാണെന്നും ലോകത്തെ കുറിച്ച് എന്തെങ്കിലും മനസിലാക്കാൻ വായനക്കാരനെ അനുവദിക്കുന്ന നോവലുകൾ തേടാൻ അത് അവരെ സഹായിച്ചെന്നും ബുക്കർ പ്രൈസ് ഫൗണ്ടേഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഗാബി വുഡ് വ്യക്തമാക്കി. ഷെഹാൻ കരുണാതിലക, ഡാമൺ ഗൽഗട്ട്, ഡഗ്ലസ് സ്റ്റുവർട്ട്, ബെർണാർഡിൻ എവാരിസ്റ്റോ, മാർഗരറ്റ് അറ്റ്‌വുഡ് എന്നിവരാണ് അടുത്തിടെ ബുക്കർ പുരസ്‌കാരം നേടിയത്.