ന്യൂഡൽഹി: ഇന്ത്യൻ വ്യോമാതിർത്തിക്ക് മുകളിലൂടെ ചൈനയിലേക്ക് പോകുകയായിരുന്ന ഇറാൻ വിമാനത്തിന് ബോംബ് ഭീഷണി. ബോംബ് ഭീഷണി മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഇറാൻ വിമാനത്തെ തടയാൻ ഇന്ത്യൻ വ്യോമസേന സുഖോയ് എസ്‌യു-30എംകെഐ ഫൈറ്റർ ജെറ്റുകൾ അണിനിരത്തി. ഇറാൻ വിമാനം ന്യൂഡൽഹി വ്യോമമേഖലയിലേക്ക് നീങ്ങുമ്പോഴായിരുന്നു ബോംബ് ഭീഷണി ലഭിച്ചത്.
വിമാനത്തിൽ ബോംബ് ഉണ്ടാകാനുള്ള സാധ്യത ഡൽഹിയിലെ സുരക്ഷ ഏജൻസികൾക്ക് ലഭിച്ചതിനെ തുടർന്ന് വിമാനം ഡൽഹിയിൽ ഇറക്കാനുള്ള അനുമതി നിഷേധിച്ചതായാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ എയർട്രാഫിക് കൺട്രോളിൽ നിന്നുള്ള മുന്നറിയിപ്പ് ലഭിക്കുമ്പോൾ വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചിരുന്നു. തുടർന്ന് വിമാനം തടയുന്നതിനായി പഞ്ചാബ്, ജോധ്പൂർ എയർബേസുകളിൽ നിന്നുള്ള എസ്‌യു-30എംകെഐ ഫൈറ്റർ ജെറ്റുകളെ അണിനിരത്തുകയായിരുന്നു.
ബോംബ് ഭീഷണിയുടെ സ്വഭാവമോ ഇറാൻ വിമാനക്കമ്പനിയുടെ പേരോ വ്യക്തമല്ല. തടസം നീക്കി വിമാനം ഇപ്പോൾ ചൈന അതിർത്തിയിലേക്ക് നീങ്ങുകയാണ്.