കെയ്‌റോ : ജൂൺ എട്ടിന് ഈജിപ്‌തിൽ ടൈഗർ സ്രാവ് വിഴുങ്ങിയ റഷ്യൻ വിനോദ സഞ്ചാരി വ്‌ളാഡിമിർ പോപോവിന്‍റെ ശരീര ഭാഗങ്ങൾ സ്രാവിന്‍റെ വയറ്റിനുള്ളിൽ നിന്ന് കണ്ടെത്തി. യുവാവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ സ്രാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് സ്രാവിന്‍റെ കുടലിൽ നിന്ന് തലയുൾപ്പെടെ യുവാവിന്‍റെ ശരീരത്തിന്‍റെ പകുതിയോളം ഭാഗങ്ങൾ കണ്ടെടുത്തത്. ബാക്കി ശരീര ഭാഗങ്ങൾ കടലിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ജൂൺ എട്ടിന് ഈജിപ്‌തിലെ ഹുർഗാദയിലെ റെഡ് സീ റിസോർട്ടിന് സമീപം നീന്തുന്നതിനിടെയാണ് 23 കാരനായ പോപോവിനെ സ്രാവ് ആക്രമിക്കുന്നത്. രക്ഷപ്പെടുന്നതിനായി യുവാവ് പരമാവധി ശ്രമിച്ചെങ്കിലും ഒടുവിൽ സ്രാവിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. യുവാവിനെ സ്രാവ് ആക്രമിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയിൽ യുവാവ് കൈകൾ വെള്ളത്തിലിട്ട് അടിക്കുന്നതും ജീവന് വേണ്ടി നിലവിളിക്കുന്നതും ദൃശ്യമായിരുന്നു.
ഇതിനിടെ അടുത്തേക്ക് വള്ളവുമായി രക്ഷാപ്രവർത്തകർ എത്തിയെങ്കിലും സ്രാവ് യുവാവിനെ കടലിനടിയിലേക്ക് വലിച്ച് കൊണ്ട് പോവുകയായിരുന്നു. വെള്ളത്തിനടിയിലേക്ക് വലിച്ചുകൊണ്ട് പോകുന്നതിന് മുൻപ് രണ്ട് മണിക്കൂർ നേരം സ്രാവ് യുവാവിന്‍റെ ശരീരവുമായി വെള്ളത്തിൽ തന്നെയുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. പിന്നാലെ പ്രദേശവാസികളും വിദഗ്‌ധരായ വേട്ടക്കാരും ചേർന്നാണ് സ്രാവിനെ കടലിൽ നിന്ന് പിടികൂടിയത്.
സ്രാവിനെ ക്രൂരമായി കൊലപ്പെടുത്തി നാട്ടുകാർ : ശേഷം ജീവനോടെ കരയ്‌ക്കെത്തിച്ച സ്രാവിനെ നാട്ടുകാർ ചേർന്ന് ക്രൂരമായാണ് കൊലപ്പെടുത്തിയത്. ഇതിന്‍റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. യുവാവിനെ ആക്രമിച്ച സ്രാവിനെ തന്നെയാണോ പിടികൂടിയത് എന്നുറപ്പുണ്ടോയെന്ന് നിരവധിയാളുകൾ സോഷ്യൽ മീഡിയയിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ പിടികൂടിയത് കൊലയാളി സ്രാവിനെ തന്നെയാണെന്ന് ഈജിപ്‌തിലെ പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചു.
ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് സ്രാവിന്‍റെ വയറ്റിൽ നിന്ന് യുവാവിന്‍റെ തല, കൈ, നെഞ്ച് ഉൾപ്പെടെയുള്ള ഭാഗങ്ങൾ കണ്ടെടുത്ത്. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പരിസ്ഥിതി മന്ത്രി യാസ്‌മിൻ ഫൗദ് സമിതിയേയും നിയോഗിച്ചു. ബാക്കി പകുതിയോളം ശരീര ഭാഗങ്ങളൾ കടലിൽ നടത്തിയ തെരച്ചിലിലും കണ്ടെത്തിയിരുന്നു.
അതേസമയം നാട്ടുകാർ കൊലപ്പെടുത്തിയ സ്രാവിനെ മമ്മിയാക്കി പ്രദർശിപ്പിക്കാനുള്ള നടപടികൾ ഈജിപ്‌തിലെ മ്യൂസിയം വിദഗ്‌ധർ ആരംഭിച്ചതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ സയൻസസും ചെങ്കടൽ റിസർവ്സും ചേർന്ന് സ്രാവിന്‍റെ എംബാമിങ് നടപടിക്രമങ്ങൾ ആരംഭിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
കൊലകൊല്ലി സ്രാവുകൾ : അതേസമയം ചെങ്കടലിന്‍റെ ബീച്ചുകളിൽ പോകുന്നവർക്ക് ഉയർന്ന സുരക്ഷ ഏർപ്പെടുത്താനും സ്രാവ് ആക്രമണം ആവർത്തിക്കാതിരിക്കാൻ സാധ്യമായ എല്ലാ നടപടികൾ സ്വീകരിക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ചെങ്കടലിൽ സ്രാവുകളുടെ ആക്രമണം നേരത്തെയും റിപ്പോർട്ട് ചെയ്‌തിട്ടുണ്ടായിരുന്നു.
2022ൽ ഇപ്പോൾ അപകടം നടന്ന തീരത്തിന്‍റെ തെക്ക് ഭാഗത്ത് സ്രാവ് ആക്രമണത്തിൽ രണ്ട് സ്‌ത്രീകൾ കൊല്ലപ്പെട്ടിരുന്നു. 2020-ൽ സ്രാവ് ആക്രമണത്തിൽ യുക്രേനിയൻ ബാലന് കൈയും ഈജിപ്ഷ്യൻ ടൂർ ഗൈഡിന് കാലും നഷ്‌ടപ്പെട്ടിരുന്നു. 2018-ൽ ഒരു ചെക്ക് വിനോദസഞ്ചാരിയെ സ്രാവ് കൊലപ്പെടുത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്.