ന്യൂയോർക്ക് : കാണാതായ ഇൻഡോ - അമേരിക്കൻ വംശജനായ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറുടെ മൃതദേഹം കണ്ടെത്തി. മേരിലാൻഡിലെ ജർമ്മൻടൗണിൽ നിന്ന് കാണാതായ അങ്കിത് ബാഗായി (30) എന്നയാളുടെ മൃതദേഹമാണ് മേരിലാൻഡിലെ ചർച്ചിൽ തടാകത്തിൽ നിന്നും ചൊവ്വാഴ്‌ച (18/04/2023) കണ്ടെടുത്തത്. ഏപ്രിൽ 9 ന് രാവിലെ 11:30 ന് ജർമ്മൻടൗണിലെ മൈൽസ്റ്റോൺ പ്ലാസയ്ക്ക് സമീപമുള്ള ഒരു ചികിത്സാകേന്ദ്രത്തിൽ നിന്നാണ് അങ്കിത് ബാഗായിയെ കാണാതായത്.
മേരിലാൻഡിലെ ചർച്ചിൽ തടാകത്തിൽ ഒരു മൃതദേഹം കണ്ടതിന് പിന്നാലെ പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ചീഫ് മെഡിക്കൽ എക്‌സാമിനറുടെ ഓഫിസിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും മൃതദേഹം ബാഗായിയുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ലെന്നും സംഭവത്തിൽ ദുരൂഹത സംശയിക്കുന്നില്ലെന്നും മോണ്ട്‌ഗോമറി പൊലീസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.
ജർമ്മൻടൗണിലെ ഒരു ചികിത്സാകേന്ദ്രത്തിൽ നിന്ന് കാണാതായ ബഗായിയെ പാന്തേഴ്‌സ് റിഡ്‌ജ് ഡ്രൈവിലെ 12,000 ബ്ലോക്കിലാണ് അവസാനമായി കണ്ടതെന്നാണ് അദ്ദേഹത്തിന്‍റെ കുടുംബം പറയുന്നത്. ബഗായ് നിരവധി ജീവൻരക്ഷാമരുന്നുകൾ കഴിച്ചിരുന്നതായും ഒരാഴ്‌ചയായി അത് എടുത്തിരുന്നില്ലെന്നും ബാഗായിയുടെ കുടുംബം എൻബിസി 4-നോട് പറഞ്ഞു.
ALSO READ : രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി ; അയോഗ്യത തുടരും, അപ്പീല്‍ തള്ളി സൂറത്ത് സെഷന്‍സ് കോടതി
കാണാതായതിന് പിന്നാലെ പൊലീസിൽ പരാതി നൽകിയ കുടുംബം, ബഗായിയെ അവസാനമായി കണ്ട സ്ഥലത്തിന് സമീപമുള്ള ഷോപ്പിംഗ് സെന്‍റർ ഉൾപ്പടെ നിരവധിയിടങ്ങളില്‍ തെരച്ചിൽ നടത്തിയിരുന്നു. എന്തെങ്കിലും സൂചന ലഭിക്കുമെന്ന പ്രതീക്ഷയിൽ തെരുവുകളിൽ അദ്ദേഹത്തിന്‍റെ ചിത്രം പതിക്കുകയും ചെയ്‌തിരുന്നു. ബാഗായിയെ കുറിച്ച് എന്തെങ്കിലും സൂചന നൽകുന്നവർക്ക് 5000 ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.