ന്യൂഡല്‍ഹി : ബിപര്‍ജോയ് ചുഴലിക്കാറ്റ് (Biparjoy Cyclone) ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതിവേഗത്തിലാണ് നിലവില്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇപ്പോഴുള്ള സാഹചര്യത്തില്‍ വടക്കോട്ട് നീങ്ങുന്ന ചുഴലിക്കാറ്റ് ജൂണ്‍ 15ന് പാകിസ്ഥാന്‍, സൗരാഷ്‌ട്ര, കച്ച് തീരങ്ങളിലേക്കും എത്തുമെന്നാണ് ഐഎംഡി (IMD) വിലയിരുത്തുന്നത്.
ഈ സാഹചര്യത്തില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ ഗുജറാത്തില്‍ ശക്തമായ ഇടിമിന്നലുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. സൗരാഷ്‌ട്ര കച്ച് മേഖലകളില്‍ കാറ്റിന്‍റെ വേഗതയും ശക്തിയും ഉയരും. കൂടാതെ വരുന്ന വ്യാഴാഴ്‌ച (ജൂണ്‍ 15) വരെ ഈ മേഖലയില്‍ കടല്‍ പ്രക്ഷുബ്‌ധമായിരിക്കുമെന്നും കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പുണ്ട്.
ചുഴലിക്കാറ്റ് അതിവേഗം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. ഗുജറാത്ത്, കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലാണ് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കടലില്‍ പോയവരോട് തിരികെ വരാനും ഇതിനോടകം തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ 14 വരെയാണ് കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ 140-160 വരെ വേഗത്തിലാണ് ബിജര്‍പോയ് ചുഴലിക്കാറ്റ് വീശുന്നതെന്നാണ് റിപ്പോര്‍ട്ട്. ചില സമയങ്ങളില്‍ ഇതിന്‍റെ വേഗത മണിക്കൂറില്‍ 180 കിലോമീറ്ററിലേക്കും എത്തുന്നുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഈ സാഹചര്യത്തില്‍, സംസ്ഥാന സര്‍ക്കാരുകള്‍ സ്ഥിതിഗതികള്‍ സൂക്ഷ്‌മമായി തന്നെ നിരീക്ഷിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉചിതമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തിലാകും ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കുക.
ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കടലില്‍ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഗുജറാത്ത് വല്‍സാഡിലെ വിനോദ സഞ്ചാര കേന്ദ്രം തിതാല്‍ ബീച്ച് താത്കാലികമായി അടച്ചിട്ടുണ്ട്. കപ്പലുകളുടെയും തുറമുഖത്തിന്‍റെയും സുരക്ഷയ്‌ക്കായി കറാച്ചി പോര്‍ട്ട് ട്രസ്റ്റ് അടിയന്തര മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പാക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. ഇവിടുത്തെ ഷിപ്പിങ് പ്രവര്‍ത്തനങ്ങളും താത്കാലികമായി നിര്‍ത്തിയിട്ടുണ്ട്.
രാത്രിയില്‍ കപ്പലുകളുടെ ഗതാഗതം നിര്‍ത്തിവയ്‌ക്കണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ കപ്പലുകളുമായി ബന്ധപ്പെടാന്‍ രണ്ട് എമര്‍ജന്‍സി ഫ്രീക്വന്‍സികളും കറാച്ചി പോര്‍ട്ട് ട്രസ്റ്റ് നല്‍കിയിട്ടുണ്ട്. കൂടാതെ ഹാര്‍ബറിലെ വസ്‌തുക്കള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബിപര്‍ജോയ് ചുഴലിക്കാറ്റ് : അറബിക്കടലില്‍ ജൂണ്‍ അഞ്ചിന് രൂപം കൊണ്ട ന്യൂനമര്‍ദമാണ് ബിപര്‍ജോയ് ചുഴലിക്കാറ്റായി മാറിയത്. ബിപര്‍ജോയ് അതിതീവ്ര സ്വഭാവമുള്ള ചുഴലിക്കാറ്റാണ്. 'ദുരന്തം' എന്നാണ് ബംഗാളി ഭാഷയില്‍ ബിപര്‍ജോയുടെ അര്‍ഥം.
കേരളത്തില്‍ ലഭിക്കേണ്ട മഴയില്‍ കുറവ് : മുന്‍പ് പ്രവചിച്ചിരുന്നതിനേക്കാള്‍ നാല് ദിവസം വൈകിയാണ് കേരളത്തില്‍ ഇപ്രാവശ്യം കാലവര്‍ഷം എത്തിയത്. ജൂണ്‍ നാലിന് കേരളത്തില്‍ മണ്‍സൂണ്‍ എത്തുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. എന്നാല്‍, ജൂണ്‍ എട്ടോടെയാണ് സംസ്ഥാനത്ത് മഴയെത്തിയത്.
ഇത് വ്യാപകമായ മഴയ്‌ക്ക് കാരണമായിരുന്നില്ല. അങ്ങിങ്ങ് ഒറ്റപ്പെട്ട ഇടങ്ങളില്‍ മാത്രമാണ് മഴ ലഭിച്ചത്. ഇതോടെ ജൂണ്‍ ആദ്യ വാരത്തില്‍ കേരളത്തില്‍ ലഭിക്കേണ്ട മഴയുടെ അളവില്‍ 72 ശതമാനം കുറവാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.