വാഷിങ്ടണ്‍: ഭീകര സംഘടനയായ അൽ ഖ്വയ്ദയുടെ നേതാവ് അയ്മൻ അൽ സവാഹിരിയെ യുഎസ് ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചു. യു എസ് പ്രസിഡന്‍റ് ജോ ബൈഡനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 11 വര്‍ഷം മുമ്പ് ഉസാമ ബിന്‍ലാദനെ യുഎസ് കൊലപ്പെടുത്തിയ ശേഷം അയ്മന്‍ അല്‍ സവാഹിരിയായിരുന്നു അല്‍ഖ്വയ്ദയുടെ മുഖം.
2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനാണ് ഇദ്ദേഹം. അയ്മൻ അൽ സവാഹിരിയെ വധിച്ചതോടെ നീതി നടപ്പായെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ യുഎസ് ടെലിവിഷനിലൂടെ പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് (ജൂലൈ 31, 2022) അയ്മൻ അൽ സവാഹിരിയെ വധിച്ചതെന്നാണ് സൂചന. രഹസ്യ താവളത്തിൽ കഴിയുകയായിരുന്ന സവാഹിരിക്കു മേൽ ഡ്രോണിൽ നിന്നുള്ള രണ്ട് മിസൈലുകൾ പതിക്കുകയായിരുന്നുവെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020ൽ അയ്മൻ അൽ സവാഹിരി മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടു. നേരത്തെ അദ്ദേഹം ബിന്‍ലാദന്‍റെ സ്വകാര്യ ഡോക്ടറായും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.