കുവൈത്ത് സിറ്റി: റംസാന്‍ മാസത്തില്‍ യാചനക്ക് വിലക്ക് ഏർപ്പെടുത്തി കുവൈത്ത് ഭരണകൂടം. പിടിക്കപ്പെട്ടാൽ ഒരു ഇളവും നൽകാതെ കുടുംബസമേതം നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്കും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
വിവാഹിതരായ സ്ത്രീകളാണ് പിടിക്കപ്പെടുന്നതെങ്കിൽ ഭർത്താവും മക്കളുമുൾപ്പടെ കുവൈത്ത് വിടേണ്ടി വരും. കമ്പനി ജീവനക്കാർ പിടിക്കപ്പെട്ടാൽ കമ്പനിക്കെതിരെ വൻ തുക പിഴ ഈടാക്കാനും ഫയലുകള്‍ മരവിപ്പിക്കാനുമാണ് തീരുമാനം. കമ്പനികൾക്ക് കീഴിൽ സന്ദർശന വിസയിൽ എത്തിയവർ യാചനയിലേർപ്പെട്ടാൽ സ്പോൺസറിങ് കമ്പനിയുടെ ഫയൽ മരവിപ്പിക്കും. ഗാർഹികത്തൊഴിലാളികൾ യാചന നടത്തിയാൽ സ്പോൺസർമാർക്കെതിരെ നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പ്രധാന വിപണികളിലും വ്യാപാര സമുച്ചയങ്ങളിലും പള്ളികളിലും പരിശോധനക്ക് പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിനൊപ്പം മഫ്തി വേഷത്തിലുള്ള പൊലീസുകാരെയും നിയോഗിക്കാനാണ് തീരുമാനം.