ധാക്ക (ബംഗ്ലാദേശ്) : കനത്ത സുരക്ഷയിൽ ബംഗ്ലാദേശിൽ ഇന്ന് രാവിലെ 12-ാമത് പൊതു തെരഞ്ഞെടുപ്പ് (Bangladesh general election 2024) ആരംഭിച്ചു. പ്രധാന പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വോട്ട് ബഹിഷ്‌കരിച്ചിരിയ്‌ക്കുകയാണ്. ബിഎൻപിയുടെ അഭാവത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന (Sheikh Hasina) നാലാം തവണയും വിജയിക്കുമെന്നാണ് സൂചന (Bangladesh general election 2024).
ബിഎൻപി (Bangladesh Nationalist Party) ഇന്നലെ പുലർച്ചെ 6 മുതൽ 48 മണിക്കൂർ നീളുന്ന പണിമുടക്കും പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ക്രമക്കേടും സുതാര്യതക്കുറവും ചൂണ്ടിക്കാട്ടിയാണ് വോട്ട് ബഹിഷ്‌കരണവും പണിമുടക്കും. പ്രാദേശിക സമയം രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5 വരെ തുടരും.
42,000 പോളിങ് സ്‌റ്റേഷനുകളിലായി 119.6 ദശലക്ഷം രജിസ്റ്റർ ചെയ്‌ത വോട്ടർമാർ വോട്ട് ചെയ്യാൻ യോഗ്യരാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 300 മണ്ഡലങ്ങളിൽ 299 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒരു മണ്ഡലത്തിൽ സ്ഥാനാർഥി മരിച്ചതിനാൽ തെരഞ്ഞെടുപ്പ് പിന്നീട് നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഫലം നാളെ : 436 സ്വതന്ത്ര സ്ഥാനാർഥികളെ കൂടാതെ 27 രാഷ്ട്രീയ പാർട്ടികളിൽ നിന്നായി 1500-ലധികം സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കനത്ത സുരക്ഷയിലാണ് 12-ാമത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള മൂന്ന് പേരടക്കം നൂറിലധികം വിദേശ നിരീക്ഷകരുടെ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. നാളെ (ജനുവരി 8) തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
2009 മുതൽ ഷെയ്ഖ് ഹസീന യുടെ അവാമി ലീഗാണ് അധികാരത്തിലിരിയ്‌ക്കുന്നത്. 2018 ഡിസംബറിൽ നടന്ന അവസാന തെരഞ്ഞെടുപ്പിൽ അവാമി ലീഗിന് വിജയിക്കാനായി. 2014 ലെ തെരഞ്ഞെടുപ്പ് ബിഎൻപി ബഹിഷ്‌കരിച്ചിരുന്നെങ്കിലും 2018ൽ സഖ്യം ചേർന്നിരുന്നു.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 27 രാഷ്ട്രീയ പാർട്ടികളിൽ പ്രതിപക്ഷത്തുള്ള ജാതിയ പാർട്ടി (ജെഎപിഎ) ഉൾപ്പെടുന്നു. ബാക്കിയുള്ള പാർട്ടികൾ ഭരണകക്ഷിയായ അവാമി ലീഗിന്‍റെ (Awami League) നേതൃത്വത്തിലുള്ള സഖ്യത്തിലെ അംഗങ്ങളാണ്. അതിനാൽ തന്നെ ബംഗ്ലാദേശിൽ നാലാം തവണയും അവാമി ലീഗിന് ഭരണത്തുടർച്ച ലഭിച്ചേക്കും.
അക്രമം ഒഴിയാതെ ബംഗ്ലാദേശ് : തെരഞ്ഞെടുപ്പിന്‍റെ തൊട്ടുമുൻപ് വരെ ബംഗ്ലാദേശിൽ അക്രമങ്ങൾ അരങ്ങേറിയിട്ടുണ്ട്. പത്ത് ജില്ലകളിലായി പതിനാല് പോളിങ് സ്റ്റേഷനുകള്‍ക്ക് തീയിട്ടു. സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള പോളിങ് സ്റ്റേഷനുകള്‍ അക്രമികള്‍ അഗ്നിക്കിരയാക്കിയിരുന്നു.
പാസഞ്ചർ തീവണ്ടിക്ക് തീയിട്ടതിനെ തുടർന്ന് അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. സംഭവത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കള്ളവോട്ട്, ബാലറ്റ് തട്ടിപ്പ്, പണമിടപാടുകൾ, ബലം പ്രയോഗിക്കൽ എന്നിവ കർശനമായി തടയുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ (സിഇസി) കാസി ഹബീബുൽ അവൽ ഇന്നലെ വൈകുന്നേരം പറഞ്ഞു.