ബാഗ്‌ദാദ്: സെൻട്രൽ ബാഗ്‌ദാദിലെ മിലിറ്ററി ലോജിസ്റ്റിക് സപ്പോർട്ട് ഹെഡ്ക്വാർട്ടേഴ്‌സിന് നേരെ വ്യോമാക്രമണം. ഇറാൻ പിന്തുണയുള്ള ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് വ്യാഴാഴ്‌ചയാണ് വ്യോമാക്രമണമുണ്ടായത്. ആക്രമണത്തിൽ ഉന്നത സൈനിക കമാൻഡർ കൊല്ലപ്പെട്ടതായി സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു (Airstrike in Baghdad kills Iran-backed militia leader).
ഇസ്രയേൽ-ഹമാസ് യുദ്ധം മൂലം വർധിച്ചുവരുന്ന പ്രാദേശിക പിരിമുറുക്കങ്ങൾക്കും ചുറ്റുമുള്ള രാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിച്ചേക്കുമെന്ന ഭയത്തിനും ഇടയിലാണ് ഇപ്പോൾ ഇറാഖിന്‍റെ തലസ്ഥാനത്ത് വ്യോമാക്രമണം ഉണ്ടായിരിക്കുന്നത്. പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സിന്‍റെ ബാഗ്‌ദാദിലെ ഡെപ്യൂട്ടി ഓപ്പറേഷൻസ് ഹെഡ് മുഷ്‌താഖ് തലേബ് അൽ-സെയ്‌ദി അഥവാ 'അബു തഖ്‌വ'യാണ് കൊല്ലപ്പെട്ടതെന്ന് പ്രസ്‌താവനയിൽ പറയുന്നു. ഇറാഖി സൈന്യത്തിന്‍റെ നാമമാത്രമായ നിയന്ത്രണത്തിലുള്ള മിലിറ്ററി സഖ്യമാണ് പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സ്.
അതേസമയം ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. യുഎസ് സൈന്യത്തിലെയും ബാഗ്‌ദാദിലെ എംബസിയിലെയും ഉദ്യോഗസ്ഥർ ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായാണ് മിലിറ്ററി ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
ബാഗ്‌ദാദിലെ പലസ്‌തീൻ സ്‌ട്രീറ്റിലുൾപ്പടെ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. മാധ്യമ പ്രവർത്തകരെ അക്രമികൾ ലക്ഷ്യമിട്ട കെട്ടിടത്തിലേക്ക് കടക്കാൻ അധികൃതർ അനുവദിച്ചില്ല. ഇറാഖി യുദ്ധവിമാനങ്ങൾ സദാസമയം വട്ടമിടുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഒക്ടോബർ 7ന് ഇസ്രയേൽ-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് എന്ന് സ്വയം വിളിക്കുന്ന, ഇറാന്‍റെ പിന്തുണയുള്ള ഒരു കൂട്ടം സൈനികർ ഇറാഖിലെയും സിറിയയിലെയും യുഎസ് സൈനികർ താമസിക്കുന്ന താവളങ്ങളിൽ 100-ലധികം ആക്രമണങ്ങൾ നടത്തിയിരുന്നു. ഇസ്രയേലിന് യുഎസ് നൽകുന്ന പിന്തുണയ്‌ക്കുള്ള പ്രതികാരമായാണ് ആക്രമണങ്ങളെന്നും ഇറാഖിൽ നിന്ന് യുഎസ് സേനയെ പുറത്താക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നുമാണ് സംഘം പറയുന്നത്.
അതേസമയം ബെയ്‌റൂട്ടിന്‍റെ പ്രാന്തപ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹമാസ് ഡെപ്യൂട്ടി നേതാവ് സാലിഹ് അരൂരി കൊല്ലപ്പെട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഇപ്പോൾ വീണ്ടും ആക്രമണം ഉടലെടുത്തിരിക്കുന്നത്. വ്യാഴാഴ്‌ച ബാഗ്‌ദാദിൽ നടന്ന ആക്രമണത്തിൽ ഇസ്രയേലിന് പങ്കുണ്ടോ എന്ന ചോദ്യത്തിന് ഇസ്രയേൽ സൈനിക വക്താവ് പ്രതികരിക്കാൻ തയ്യാറായില്ല.
കഴിഞ്ഞ ദിവസം ഇറാനിൽ നടന്ന ഇരട്ട സ്‌ഫോടനത്തിൽ 103 പേർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഇറാന്‍റെ മുന്‍ സൈനിക മേധാവി ജനറല്‍ ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപമാണ്, കൊലപാതകത്തിന്‍റെ നാലാം വാര്‍ഷികത്തില്‍ സ്‌ഫോടനം നടന്നതെന്നാണ് ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌ഫോടനത്തിൽ 150 ഓളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
READ MORE: ഇറാനിൽ ഇരട്ട സ്‌ഫോടനങ്ങൾ; 103 പേർക്ക് ദാരുണാന്ത്യം, ഇരുന്നൂറോളം പേർക്ക് പരിക്ക്