ഹോങ്കോങ് (ചൈന): ഭൂമിയിൽ മനുഷ്യരേക്കാൾ കൂടുതൽ ഉറുമ്പുകൾ ജീവിച്ചിരിക്കുന്നു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും കൃത്യമായ കണക്ക് എടുക്കാനാവാറില്ല. ഇവ എത്രത്തോളം ഭൂമിയിൽ ഉണ്ടെന്ന് ആർക്കുമറിയില്ല. ഉറുമ്പുകളെ എണ്ണിനോക്കുക അസാധ്യമാണെന്ന് കരുതിയിരിക്കെ ആ ധാരണ തിരുത്തിക്കുറിച്ചിരിക്കുകയാണ് ഹോങ്കോങ്ങിൽ നിന്നുള്ള ചില ഗവേഷകർ.
ഉറുമ്പുകളെ എണ്ണുന്ന വലിയൊരു സാഹസികതക്കാണ് ഈ ഗവേഷകർ തുടക്കമിട്ടത്. 489 പഠനങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭൂമിയിൽ ഏകദേശം 20,000,000,000,000,000 അഥവാ 20 ക്വാഡ്രില്യൺ ഉറുമ്പുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ ഇവയുടെ സാന്ദ്രത കണക്കിലെടുക്കുമ്പോൾ കൃത്യമായ കണക്ക് പറയാനാകില്ലെന്ന് ഗവേഷക സംഘം പറഞ്ഞു.
ഈ കണ്ടെത്തലുകൾ നാഷണൽ അക്കാദമി ഓഫ് സയൻസസിന്‍റെ പ്രൊസീഡിങ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകത്തിലെ ഉറുമ്പുകളുടെ ജൈവാംശം(Biomass) 12 ദശലക്ഷം ടൺ ആണെന്നും ഗവേഷകർ പറഞ്ഞു. വനത്തിൽ വസിക്കുന്ന പക്ഷികളുടെയും സസ്‌തനികളുടെയും ആകെ ഭാരം ഏകദേശം 2 ദശലക്ഷം ടൺ മാത്രമാണ് എന്നും പറയപ്പെടുന്നു