ഇല്ലിനോയിസ് : ഗാസയിൽ ബന്ദികളാക്കപ്പെട്ട അമേരിക്കൻ യുവതിയേയും മകളെയും ഹമാസ് മോചിപ്പിച്ചു (American Citizens Held Hostage By Hamas Freed). അമേരിക്കക്കാരായ ജൂഡിത്ത് റാനൻ, മകൾ 17 വയസുകാരി നതാലി എന്നിവരാണ് രണ്ടാഴ്‌ചത്തെ തടങ്കലിൽ നിന്നും മോചിതരായത്. ഇരുവരും ഇസ്രയേൽ സൈന്യത്തോടൊപ്പമാണെന്ന് ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചു. ഖത്തർ സർക്കാരുമായുള്ള കരാറിൽ മാനുഷിക കാരണങ്ങളാലാണ് ഇവരെ വിട്ടയച്ചതെന്ന് ഹമാസ് വക്താവ് അറിയിച്ചു.
ഒക്‌ടോബർ ഏഴിന് നടന്ന അക്രമണത്തിനിടെ വിദേശികളുൾപ്പടെ ഏകദേശം 200 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. അതേസമയം, ഇരുവരും മോചിതരായതിൽ സന്തോഷമുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ (US President Joe Biden) അറിയിച്ചു. ഇവരുടെ മോചനം ഇപ്പോഴും തടവിൽ കഴിയുന്നവർക്ക് പ്രതീക്ഷയാണെന്ന് മോചിപ്പിക്കപ്പെട്ടവരെ ഗാസയിൽ നിന്ന് ഇസ്രയേലിലേക്ക് എത്തിച്ച റെഡ് ക്രോസിന്‍റെ ഇന്‍റർനാഷണൽ കമ്മിറ്റി പറഞ്ഞു.
ജൂതരുടെ അവധിക്കാലം ആഘോഷിക്കാനാണ് ജൂഡിത്തും നതാലിയും ചിക്കാഗോയിലുള്ള തങ്ങളുടെ വീട്ടിൽ നിന്നും ഇസ്രയേലിലേയ്‌ക്ക് പോയതെന്ന് ഇവരുടെ കുടുംബം പറഞ്ഞു. ഇതിനിടെയാണ് ഹമാസ് തെക്കൻ ഇസ്രയേലിൽ ഇരച്ചുകയറി നൂറുകണക്കിന് ആളുകളെ കൊല്ലുകയും മറ്റുള്ളവരെ തട്ടിക്കൊണ്ടുപോകുകയും ചെയ്‌തത്. ഒക്‌ടോബർ ഏഴിന് ഇരുവരും ഗാസക്കടുത്തുള്ള നഹൽ ഓസിൽ ആയിരുന്നു. എന്നാൽ പ്രദേശം ഹമാസ് ആക്രമിച്ചതിന് ശേഷം ഇരുവരുമായും കുടുംബത്തിന് ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെയുള്ള അന്വേഷണത്തിലാണ് ഇവർ ബന്ദികളാക്കപ്പെട്ടതായി യുഎസ്, ഇസ്രയേൽ ഉദ്യോഗസ്ഥർ അറിയിച്ചത്.
അതേസമയം, നിലവിലെ പ്രതിസന്ധി ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികൾ നടത്തിവരികയാണെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനായി ഇസ്രയേലുമായും ഹമാസുമായും ചർച്ച തുടരുമെന്നും ഖത്തർ അറിയിച്ചു. ബന്ദികളെ തിരിച്ചയക്കാനും കാണാതായവരെ കണ്ടെത്താനുമുള്ള പരിശ്രമം തുടരുകയാണെന്ന് ഇസ്രയേൽ സൈനിക വക്താവും അറിയിച്ചിട്ടുണ്ട്.
എന്നാൽ, ഇസ്രയേൽ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 4137 കടന്നു. ഇതില്‍ ഭൂരിപക്ഷവും സ്‌ത്രീകളും കുട്ടികളും പ്രായമായവരുമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. 12,500 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും 1,300 പേർ കൂടി കെട്ടിട അവശിഷ്‌ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇസ്രയേൽ - ഹാമാസ് യുദ്ധം (Israel - Hamas Conflict) രൂക്ഷമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ഇസ്രയേലിലും 1300 ഓളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. യുദ്ധാന്തരീക്ഷത്തിൽ, ഇസ്രയേലിന് വേണ്ട എല്ലാ വ്യോമ - സാമ്പത്തിക സഹായവും ലഭ്യമാക്കുമെന്നാണ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ മുൻപ് പ്രഖ്യാപിച്ചത്.