ഇസ്ലാമബാദ് : പടിഞ്ഞാറൻ അഫ്‌ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ (Afghanistan Earthquake) മരണ സംഖ്യ 2000 കടന്നു. രണ്ട് പതിറ്റാണ്ടിനിടെ രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പങ്ങളിലൊന്നാണിത്. ശനിയാഴ്‌ചയാണ് (7.10.2023) പടിഞ്ഞാറൻ അഫ്‌ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിൽ (Herat earthquake ) 6.3 തീവ്രത രേഖപ്പെടുത്തിയ (Earthquack magnitude-6.3) ശക്തമായ ഭൂചലനം ഉണ്ടായത്. ഹെറാത്തിൽ നിന്നും 40 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം (Afghanistan Earthquake Death Toll).
ഏകദേശം ആറ് ഗ്രാമങ്ങളിൽ ഭൂകമ്പം (Erathquack) വൻ തോതിൽ നാശം വിതച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ (Building Collapsed) നൂറുകണക്കിന് സാധാരണക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. കൂടുതൽ ആളുകളെ കണ്ടെത്തുന്നതോടെ ദുരന്തത്തിന്‍റെ വ്യാപ്തി കൂടുമെന്നാണ് റിപ്പോർട്ടുകൾ.
ശനിയാഴ്‌ച അഫ്‌ഗാനിസ്ഥാനിലുണ്ടായ പ്രകൃതി ദുരന്തത്തിൽ 320 പേർ മരണപ്പെട്ടതായാണ് ഐക്യരാഷ്‌ട്രസഭ (United Nations) നൽകിയ പ്രാഥമിക കണക്ക്. എന്നാൽ പ്രാദേശിക ഭരണകൂടം ഇതിനോട് വിയോജിച്ചിരുന്നു. യുഎൻ റിപ്പോർട്ട് പ്രകാരം രാജ്യത്ത് 465 വീടുകൾ പൂർണമായി തകർന്നതായും 135 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായുമാണ് കണക്ക്. അഫ്‌ഗാനിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
മരണസംഖ്യ ഇനിയും വർധിക്കും : മരണ സംഖ്യ ഇനിയും കൂടുമെന്നും കൃത്യമായ കണക്ക് പരിശോധിച്ച് വരികയാണെന്നും യുഎൻ പ്രതിനിധി അറിയിച്ചു. ഇന്നലെ ഉച്ചയോടെ ഉണ്ടായ ഭൂചലനത്തിന് പുറമെ, 5.9, 5.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളും രാജ്യത്ത് അനുഭവപ്പെടുകയും ചെറിയ രീതിയിൽ നാശനഷ്‌ടങ്ങൾക്ക് കാരണമാവുകയും ചെയ്‌തിരുന്നു. തുടർച്ചയായുണ്ടാകുന്ന പ്രകൃതി ദുരന്തത്തെ തുടർന്ന് ഭീതിയിലായ ആളുകൾ കെട്ടിടങ്ങളിൽ നിന്നും പുറത്തിറങ്ങി നിൽക്കുകയാണ്.
മരണഭീതിയിൽ ജനങ്ങൾ : അപകടത്തിൽപ്പെട്ടവർക്ക് വൈദ്യ സഹായം ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി 12 ആംബുലൻസുകൾ ഏർപ്പെടുത്തിയിട്ടുള്ളതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഭൂകമ്പത്തെ തുടർന്ന് ഹെറാത്തിലെ ടെലിഫോൺ സർവീസ് തകരാറിലായിരിക്കുകയാണ്. ഹെറാത്ത് നഗരത്തിലെ വീടുകൾക്കും ഓഫീസുകൾക്കും പുറത്ത് തെരുവുകളിൽ നൂറുകണക്കിന് ആളുകൾ ഭീതിയിൽ നിൽക്കുന്നതായി അപകടവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
ജപ്പാനിലും ഭൂചലനം : രണ്ട് ദിവസം മുൻപ് ജപ്പാനിലെ ഹോൺഷുവിലും ഭൂചലനം റിപ്പോർട്ട് ചെയ്‌തിരുന്നു. റിക്‌ടർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.