കാബൂൾ : ടിവി ചാനലുകളിലെ എല്ലാ വനിത അവതാരകരോടും മുഖം മറയ്ക്കാൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണാധികാരികൾ ഉത്തരവിട്ടതായി റിപ്പോർട്ട്. താലിബാൻ ഭരണാധികാരികളുടെ വിധികൾ നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയ വെർച്യൂ ആൻഡ് വൈസ് മന്ത്രാലയത്തിൽ നിന്നും ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രാലയത്തിൽ നിന്നുമുള്ള ഉത്തരവുകളിലാണ് ഇക്കാര്യമുള്ളതെന്ന് ടോളോ ന്യൂസ് ചാനൽ റിപ്പോര്‍ട്ട് ചെയ്യുന്നു.
താലിബാന്‍റെ ഉത്തരവ് അന്തമമാണെന്നും ഇതിൽ ചർച്ചയുണ്ടാകില്ലെന്നും പ്രസ്‌താവനയിൽ പറയുന്നുണ്ട്. എല്ലാ അഫ്‌ഗാൻ മാധ്യമങ്ങൾക്കും ഉത്തരവ് ബാധകമാണ്. രാജ്യത്തെ എല്ലാ മാധ്യമങ്ങൾക്കും ഉത്തരവ് ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് നിരവധി വനിത അവതാരകർ മുഖംമറച്ചുകൊണ്ട് പരിപാടികൾ അവതരിപ്പിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു.
1996-2001 കാലഘട്ടത്തിൽ അഫ്‌ഗാനിൽ താലിബാൻ ആദ്യമായി അധികാരത്തിലെത്തുന്ന സമയത്ത് സ്ത്രീകൾക്ക് മേൽ അമിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എല്ലാ സ്ത്രീകളും ബുർഖ ധരിക്കണമെന്ന് ആവശ്യപ്പെടുകയും കണ്ണുകൾ മൂടുപടം ഉപയോഗിച്ച് മറയ്ക്കുകയും ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു. സ്ത്രീകളെ പൊതുജീവിതത്തിൽ നിന്നും വിദ്യാഭ്യാസത്തിൽ നിന്നും വിലക്കുകയും ചെയ്‌തിരുന്നു.
2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിൽ വീണ്ടും അധികാരം പിടിച്ചെടുത്ത ശേഷം സ്ത്രീകൾക്ക് പ്രത്യേക ഡ്രസ് കോഡ് ഇല്ലെന്ന് പ്രഖ്യാപിച്ചെങ്കിലും അടുത്ത ആഴ്‌ചകളിൽ സ്ത്രീകൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണുണ്ടായത്. ഈ മാസം ആദ്യം പൊതുസ്ഥലത്ത് എല്ലാ സ്ത്രീകളും അവരുടെ കണ്ണുകൾ മാത്രം ദൃശ്യമാകുന്ന തരത്തിൽ തല മുതൽ കാൽ വരെ മറയുന്ന വസ്ത്രം ധരിക്കാൻ താലിബാൻ ഉത്തരവിട്ടിരുന്നു.
ആവശ്യഘട്ടങ്ങളിൽ മാത്രമേ സ്ത്രീകൾ വീടിന് പുറത്ത് ഇറങ്ങാവൂ എന്നും സ്ത്രീകളുടെ വസ്ത്രധാരണ ലംഘനത്തിന് കുടുംബത്തിലെ പുരുഷന്മാർ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു. എല്ലാ പ്രായത്തിലുമുള്ള പെൺകുട്ടികൾക്കും വിദ്യാഭ്യാസം അനുവദിക്കുമെന്ന താലിബാന്‍റെ ആദ്യ വാഗ്‌ദാനങ്ങൾക്ക് വിരുദ്ധമായി ആറാം ക്ലാസിന് ശേഷം സ്കൂളുകളിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ട് ഉത്തരവിട്ടിരുന്നു.
ഇത്തരത്തിൽ രാജ്യത്തെ സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിച്ച് പൊതുജീവിതത്തിൽ നിന്നും അവരെ അകറ്റുന്ന കാഴ്‌ചയാണ് അഫ്‌ഗാനിസ്ഥാനില്‍ നിന്ന് പുറത്തുവരുന്നത്.