ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യയും ബംഗ്ലാദേശും, രാഷ്‌ട്രീയ ബന്ധം കെട്ടിപ്പടുക്കുന്നതിലും, വ്യാപാര മേഖലയെ ഉത്തേജിപ്പിക്കുന്നതിലും, ശേഷി വികസനം പോലുള്ള പ്രധാന മേഖലകളിലെ പങ്കാളിത്തത്തിനൊപ്പം കാര്യമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. നൈബര്‍ ഹുഡ് ഫസ്റ്റ് പോളിസിക്ക് കീഴില്‍ ഇന്ത്യയില്‍ നാലു ദിവസത്തെ സന്ദര്‍ശനത്തിന് എത്തുകയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഷെയ്ഖ് ഹസീനയുടെയും നരേന്ദ്രമോദിയുടെയും നേതൃത്തില്‍ ഇരു രാജ്യങ്ങളും കര-സമുദ്ര അതിര്‍ത്തി നിര്‍ണയം, സുരക്ഷ, സഹകരണം, സാസ്‌കാരിക വിനിമയം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചു.
2015 മുതൽ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ 12 തവണയാണ് കൂടിക്കാഴ്‌ച നടത്തിയത്. കഴിഞ്ഞ വർഷം ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്‍റെ 50-ാം വാർഷികവും ഉഭയകക്ഷി ബന്ധത്തിന്‍റെ 50 വർഷവും ബംഗ്ലാദേശിന്‍റെ ദേശീയ പിതാവ് 'ബംഗബന്ധു' എന്നറിയപ്പെടുന്ന ഷെയ്ഖ് മുജീബുർ റഹ്മാന്‍റെ 100-ാം ജന്മദിനവും ആയിരുന്നു. മികച്ച രീതിയിലാണ് ഇരു രാജ്യങ്ങളും ഇവയെല്ലാം അടയാളപ്പെടുത്തിയത്.
2021 മാർച്ച് 26 മുതൽ 27 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിൽ സന്ദർശനം നടത്തിയിരുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അരനൂറ്റാണ്ടു കാലത്തെ പങ്കാളിത്തത്തിന്‍റെ പ്രതീകമായ ഈ സന്ദർശനം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തി. സന്ദര്‍ശനത്തില്‍, 1971ല്‍ ഇന്ത്യ ബംഗ്ലാദേശിനെ അംഗീകരിച്ച ദിവസമായ ഡിസംബർ 6 മൈത്രി ദിവസായി ആചരിക്കാൻ ഇരു നേതാക്കളും തീരുമാനിച്ചു. ഡല്‍ഹിയിലും ധാക്കയിലും മൈത്രി ദിവസ് ആഘോഷിക്കും.
പ്രധാന വ്യാപാര പങ്കാളി: ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയാണ് ബംഗ്ലാദേശ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉഭയകക്ഷി വ്യാപാരം 9 ബില്യൺ ഡോളറിൽ നിന്ന് 18 ബില്യൺ ഡോളറായി വളർന്നു. 2020-21 സാമ്പത്തിക വർഷത്തിലെ 9.69 ബില്യൺ ഡോളറിൽ നിന്ന് 2021-22 സാമ്പത്തിക വർഷത്തിൽ 16.15 ബില്യൺ ഡോളറായി 66 ശതമാനത്തിലധികം വളർച്ചയോടെ ബംഗ്ലാദേശ് ഇന്ത്യയുടെ നാലാമത്തെ വലിയ കയറ്റുമതി കേന്ദ്രമായി മാറി.
ബംഗ്ലാദേശിലേക്ക് ഇന്ത്യയുടെ ഓക്‌സിജൻ എക്‌സ്‌പ്രസ്: കൊവിഡ് കാലത്ത് റോഡ് മാർഗമുള്ള വ്യാപാരം തടസപ്പെട്ടപ്പോൾ ബംഗ്ലാദേശിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാന്‍ ഇന്ത്യ റെയിൽ സംവിധാനം ഉപയോഗിച്ചു. ആദ്യമായി ഇന്ത്യ ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ ബംഗ്ലാദേശിലേക്ക് റെയിൽവേ കണ്ടെയ്‌നറുകളിൽ എത്തിച്ചു. കൊവിഡിനെതിരായ ബംഗ്ലാദേശിന്‍റെ പോരാട്ടത്തെ പിന്തുണച്ച് ഇന്ത്യയുടെ 20 ഓക്‌സിജൻ എക്‌സ്‌പ്രസ് ട്രെയിനുകളാണ് സര്‍വീസ് നടത്തിയത്. മഹാമാരി കാലമായിരുന്നിട്ടു പോലും പരസ്‌പര പങ്കാളിത്തത്തില്‍ തുടങ്ങിയ പല സംരംഭങ്ങളിലും പുരോഗതി കൈവരിക്കാൻ ഇരു രാജ്യങ്ങൾക്കും കഴിഞ്ഞു.
വികസനം പങ്കാളിത്തത്തിലൂടെ: ത്രിപുരയിലെ ഫെനി നദിക്ക് കുറുകെയുള്ള മൈത്രി സേതു പാലം, ചിലഹാത്തി-ഹൽദിബാരി റെയിൽ പാത തുടങ്ങി നിരവധി സംരംഭങ്ങള്‍ ഇരു രാജ്യങ്ങളുടെയും വികസന പങ്കാളിത്തത്തിന്‍റെ മികച്ച ഉദാഹരണങ്ങളാണ്. ചിലഹാത്തി-ഹൽദിബാരി ക്രോസ്-ബോർഡർ റെയിൽ പാതയിലൂടെ 2022 ജൂണിൽ ന്യൂ ജൽപായ്‌ഗുരിയിൽ നിന്ന് ധാക്കയിലേക്കുള്ള പാസഞ്ചർ ട്രെയിൻ മിതാലി എക്‌സ്‌പ്രസ് ആരംഭിച്ചതും, ചാട്ടോഗ്രാം, മോംഗ്ല തുറമുഖങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള കരാറിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലേക്ക് ചരക്കുകള്‍ എത്തിച്ചതും ഇരു രാജ്യങ്ങളുടെയും നേട്ടങ്ങളില്‍ പെടുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ വികസന പങ്കാളിയാണ് ബംഗ്ലദേശ്.
ഇരു രാജ്യങ്ങള്‍ തമ്മിലുള്ള കരാറുകള്‍ 2 ബില്യൺ ഡോളർ കടന്നിരിക്കുന്നു. ഉഭയകക്ഷി ബന്ധം ഊട്ടി ഉറപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യ ഗതാഗതം, വൈദ്യുതി ഉത്പാദനവും പ്രസരണവും, ഉൾനാടൻ ജലപാതകൾ, തുറമുഖങ്ങളും ഷിപ്പിങും, സാമ്പത്തിക മേഖലകൾ, ഐസിടി, പെട്രോകെമിക്കൽസ്, പുനരുപയോഗ ഊർജം, മാലിന്യ സംസ്‌കരണം, വ്യോമയാനം തുടങ്ങി വിവിധ മേഖലകളിൽ വികസന സഹായ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. കൂടാതെ വിദ്യാഭ്യാസം, ആരോഗ്യം, ജലം, സംസ്‌കാരം, നഗരവികസനം, ദുരന്തനിവാരണം, സ്‌കൂൾ/കോളജ് കെട്ടിടങ്ങൾ, ലബോറട്ടറികൾ, ഡിസ്പെൻസറികൾ, കുഴൽക്കിണർ എന്നിവയുടെ നിർമാണം, കമ്മ്യൂണിറ്റി സെന്‍ററുകൾ, ചരിത്ര സ്‌മാരകങ്ങൾ/കെട്ടിടങ്ങളുടെ നവീകരണം തുടങ്ങി 88 സാമൂഹ്യക്ഷേമ പദ്ധതികളും ഇന്ത്യ ഏറ്റെടുത്തിട്ടുണ്ട്. ഇതില്‍ 72 എണ്ണം പൂർത്തീകരിച്ചു.
വിദ്യാഭ്യാസവും വൈദ്യ ചികിത്സയും: നൂതൻ ഭാരത് ബംഗ്ലാദേശ് മൈത്രി മുക്തിജോദ്ധ സാന്തൻ സ്‌കോളർഷിപ്പിന് കീഴിൽ, 2017 മുതൽ 9,000 ബംഗ്ലാദേശ് വിദ്യാർഥികൾ ഇന്ത്യയിൽ വിദ്യാഭ്യാസത്തിനായി സ്‌കോളർഷിപ്പ് നേടിയിട്ടുണ്ട്. മുക്തിജോദ്ധാസിന്‍റെ (1971 വിമോചന യുദ്ധത്തിൽ പങ്കെടുത്തവർ) പിന്മുറക്കാരായ ഹയർ സെക്കൻഡറി, ബിരുദ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പുകൾ നൽകുന്നത്. കൂടാതെ, ബംഗ്ലാദേശ് പൗരന്മാർക്ക് ഇന്ത്യ വൈദ്യ ചികിത്സയുടെ കേന്ദ്രം കൂടിയാണ്.
2021ൽ അനുവദിച്ച 2.8 ലക്ഷം വിസകളിൽ 2.3 ലക്ഷം മെഡിക്കൽ വിസകളായിരുന്നു. മുക്തിജോദ്ധ മെഡിക്കൽ സ്‌കീമിന് കീഴിൽ, 2018 മുതൽ 147 രോഗികൾക്ക് ചികിത്സ ലഭിച്ചു. ഈ പദ്ധതി പ്രകാരം, ഇന്ത്യൻ സൈനിക ആശുപത്രികളിൽ സൗജന്യമായി ചികിത്സ നൽകുന്നു. നിലവിൽ ആഗോളതലത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിസ ഓപ്പറേഷനാണ് ബംഗ്ലാദേശ്. 2019ൽ 13.63 ലക്ഷം വിസകളാണ് അനുവദിച്ചത്.