ഇസ്‌ലാമാബാദ്: അർധരാത്രി വരെ നീണ്ട രാഷ്ട്രീയ നാടകമാണ് ഇന്നലെ പാകിസ്ഥാനില്‍ കണ്ടത്. അവസാന പന്തു വരെ നേരിടുമെന്ന് പറഞ്ഞിരുന്ന ഇമ്രാൻഖാൻ അവാസന ഓവറില്‍ നാണം കെട്ട് പുറത്തേക്ക് പോയി. ഇമ്രാൻ ഖാന്‍റെ പ്രധാനമന്ത്രി പദത്തില്‍ നിന്നുള്ള പുറത്താക്കാലിന്‍റെ നാള്‍ വഴികളിലൂടെ.
28 നംവബര്‍ 2021: അധികാരത്തില്‍ നിന്ന് ഇമ്രാന്‍ ഖാനെ പുറത്താക്കാന്‍ പ്രതിപക്ഷത്തിന് മതിയായ അംഗബലം ഉണ്ടെന്ന് പിപിപി (പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി) നേതാവ് ഖുര്‍ഷിദ് ഷാ അഭിപ്രായപ്പെട്ടു
24 ഡിസംബര്‍ 2021: പിഎംഎല്‍-എന്‍ (പാകിസ്ഥാന്‍ മുസ്‌ലിം ലീഗ്-എന്‍) നേതാവ് ആയാസ് സാദിഖ് പ്രതിപക്ഷം ഭരണമാറ്റത്തിന് തയ്യാറെടുക്കുന്നുണ്ടെന്ന് പറഞ്ഞു.
11 ജനുവരി 2022: പാര്‍ലമെന്‍റില്‍ ഭരണകക്ഷിക്ക് ഭൂരിപക്ഷം നഷ്‌ടമായെന്നും, ഭരണമാറ്റം ആവശ്യമാണെന്നും പിഎംഎല്‍-എന്‍ നേതാവ് ഖ്വാജ ആസിഫ് ചൂണ്ടിക്കാട്ടി.
ജനുവരി 18: സെനറ്റ് ചെയര്‍മാനെതിരെയുള്ള അവിശ്വാസ പ്രമേയം വഴി സര്‍ക്കാരിനെ പുറത്താക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് പിപിപി ചെയര്‍മാന്‍ ബിലാവല്‍ ഭുട്ടോ സര്‍ദാരി രംഗത്തെത്തി
ജനുവരി 21 : പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം തയ്യാറാണെന്നും ഇതിന്‍റെ സമയം പിന്നീട് അറിയിക്കുമെന്നും ആയാസ് സാദിഖ് വ്യക്‌തമാക്കി. ഇതിന് പിന്നാലെ പിഎംഎല്‍-എന്‍ നേതാക്കളും ഫെബ്രുവരി 7-ന് പിപിപി നേതാക്കളും അവിശ്വാസ പ്രമേയം ഔദ്യോഗികമായി ചര്‍ച്ച ചെയ്‌തു.
ഫെബ്രുവരി 8 : എംക്യുഎം-പി നേതാവ് ആമിര്‍ ഖാന് മുന്‍പില്‍ ഇമ്രാന്‍ ഖാനെതിരെയുള്ള അവിശ്വാസപ്രമേയത്തിനുള്ള താത്പര്യം ഷഹ്‌ബാസ് അവതരിപ്പിച്ചു. ഇതിനായി പാര്‍ട്ടിയുടെ ഏകോപന സമിതിക്ക് അപേക്ഷ നല്‍കുമെന്ന് ആമിര്‍ ഖാന്‍ വ്യക്‌തമാക്കി
ഫെബ്രുവരി 11 : പ്രധാനമന്തിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന പ്രഖ്യാപനം പ്രതിപക്ഷത്തിനായി പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്മെന്‍റ് (PDM) തലവന്‍ മൗലാന ഫസ്‌ലൂര്‍ റഹ്‌മാന്‍ നടത്തി.
അതിനിടെ പിടിഐ സര്‍ക്കാര്‍ ഭീഷണിയെ ഗൗരവമായെടുക്കാതെ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.
മാര്‍ച്ച് 8 : പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. അതിനടുത്ത ദിവസം പിപിപി കോ-ചെയര്‍മാന്‍ ആസിഫ് അലി സര്‍ദാരിയാണ് തന്‍റെ അടുത്ത ലക്ഷ്യമെന്നും, പ്രതിപക്ഷം തനിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
മാര്‍ച്ച് 12 : നവാസ് ഷെരീഫും പിടിഐ നേതാവ് അലീം ഖാനും ചേര്‍ന്ന് ലണ്ടനില്‍ വച്ച് അവിശ്വാസ പ്രമേയത്തെ കുറിച്ച് ചര്‍ച്ച ചെയ്‌തു.
മാര്‍ച്ച് 21 : ഭരണഘടന അനുച്ഛേദം 63 (A) യുടെ വ്യാഖ്യാനം ആവശ്യപ്പെട്ട് പാകിസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റഫറന്‍സ് ഫയല്‍ ചെയ്‌തു.
മാര്‍ച്ച് 27: വിദേശ നയം സ്വീകരിച്ചുകൊണ്ടുള്ള ഗൂഡാലോചനയാണ് പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയത്തിന് പിന്നിലെന്ന് ഇസ്‌ലാമാബാദില്‍ സംഘടിപ്പിച്ച പിടിഐ (പാകിസ്ഥാന്‍ തഹ്‌രീക് ഇന്‍സാഫ്) റാലിയില്‍ ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.
മാര്‍ച്ച് 28: ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷ നേതാവ് ഷഹ്‌ബാസ് ഷെരീഫ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ഭരണകക്ഷിയിലെ അംഗമായിരുന്ന ബിഎപി പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നു. ബലുചിസ്ഥാനില്‍ നിന്നുള്ള സ്വതന്ത്ര അംഗവും സര്‍ക്കാരിനോടുള്ള പിന്തുണ പിന്‍വലിച്ച് പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നു.
മാര്‍ച്ച് 31: അവിശ്വാസ പ്രമേയത്തിലുള്ള ചര്‍ച്ചകള്‍ പാകിസ്ഥാന്‍ ദേശീയ അസംബ്ലി ഏപ്രില്‍ 3 വരെ നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചു.
ഏപ്രില്‍ 3: ഡെപ്യൂട്ടി സ്‌പീക്കര്‍ ഖാസിം സൂരി ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി അവിശ്വാസ പ്രമേയം തള്ളികളഞ്ഞു. തുടര്‍ന്ന് ഇമ്രാന്‍ ഖാന്‍റെ നിര്‍ദേപ്രകാരം പ്രസിഡന്‍റ് ആരിഫ് ആല്‍വി പാര്‍ലമെന്‍റിനെ പിരിച്ചുവിട്ടു.ഇതിന് പിന്നാലെ രാജ്യത്തെ രാഷ്‌ട്രീയ സാഹചര്യം കണക്കിലെടുത്ത് സുപ്രീം കോടതി വിഷയത്തില്‍ സ്വമേധയ ഇടപെട്ടു.
ഏപ്രില്‍ 7: പാര്‍ലമെന്‍റ് അസംബ്ലി പുനസ്ഥാപിച്ച് വിധിയിറക്കിയ സുപ്രീം കോടതി, ദേശീയ അസംബ്ലി സ്‌പീക്കര്‍ ആസാദ് ഖ്വയ്‌സറിനോട് ശനിയാഴ്‌ച സഭ വിളിച്ചുചേര്‍ക്കാനും ആവശ്യപ്പെട്ടു.
ഏപ്രില്‍ 8: അവിശ്വാസ വോട്ടെടുപ്പിലൂടെ വിദേശ ഗവണ്‍മെന്‍റ് അധികാരത്തിലെത്താന്‍ അനുവധിക്കില്ലെന്നും, അങ്ങനെ സംഭവിച്ചാല്‍ ജനങ്ങളുടെ പിന്തുണ തേടുമെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചു
ഏപ്രില്‍ 9-10: പിടിഐ യുടെ തെരഞ്ഞെടുക്കപ്പെട്ട സ്‌പീക്കര്‍ ആസാദ് ഖ്വയ്‌സര്‍ അവിശ്വാസപ്രമേയത്തിലുള്ള വോട്ടെടുപ്പിനായി രാവിലെ 10:30-ന് സഭ സമ്മേളനം വിളിച്ചുചേര്‍ത്തു. സെഷനിലുടനീളം നടപടികള്‍ വൈകിപ്പിക്കാന്‍ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തിലുള്ള പിടിഐ ശ്രമമുണ്ടായി. 12 മണിക്ക് മുന്‍പായി ഖ്വയ്‌സര്‍ തന്‍റെ സ്ഥാനം ഒഴിഞ്ഞു. തുടര്‍ന്നെത്തിയ ആയാസ് സാദിഖിന്‍റെ അധ്യക്ഷതയിലാണ് നടപടികള്‍ നടന്നത്. 174 അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.
Also read: കാലിടറി ഇമ്രാൻ: അവിശ്വാസത്തിലൂടെ പുറത്താകുന്ന ആദ്യ പാക് പ്രധാനമന്ത്രി