ബൊഗോട്ട: കൊളംബിയയിലെ ടോളുവ നഗരത്തിലെ ഒരു ജയിലില്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ 51 തടവു പുള്ളികള്‍ കൊല്ലപ്പെട്ടു. ഇന്നലെ അര്‍ധരാത്രി (28.07.22) തടവുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു. സംഘര്‍ഷത്തിനിടയില്‍ ഒരു തടവ് പുള്ളി കിടക്കയ്‌ക്ക് തീ കൊളുത്തുകയായിരുന്നു. ഈ തീ ആളിപടര്‍ന്നാണ് 51 പേര്‍ വെന്തുമരിച്ചത്.
ഇടത്തരം സുരക്ഷയുള്ള ജയിലിലാണ് സംഭവം നടന്നത്. കുറഞ്ഞ കാലയളവില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാരെ പാര്‍പ്പിക്കാനായുള്ള ജയിലാണ് ഇത്. കുത്തിനിറക്കപ്പെട്ട ജയിലുകള്‍ കൊണ്ട് കുപ്രസിദ്ധി നേടിയ രാജ്യമാണ് കൊളംബിയ. സംഭവം നടന്ന ഈ ജയിലും കുത്തി നിറക്കപ്പെട്ട ജയിലാണ്.
ജയില്‍ വാര്‍ഡന്മാര്‍ ആദ്യം സ്വന്തം നിലയില്‍ തീ അണയ്‌ക്കാന്‍ ശ്രമിച്ചിട്ട് കഴിയാതെ വന്നപ്പോഴാണ് അഗ്നിരക്ഷ സേനയെ വിളിച്ചത്. തുടര്‍ന്ന് അഗ്നിരക്ഷ സേന വരുന്നത് വരെ ജയില്‍ അധികൃതര്‍ കാത്ത് നില്‍ക്കുകയായിരുന്നു. അതേസമയം മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊളംബിയയിലെ ഒരു ശരാശരി ജയിലില്‍ 20 ശതമാനം കൂടുതല്‍ തടവുകാരെ പാര്‍പ്പിക്കുന്നുണ്ടെന്നാണ് കണക്ക്. അതായത് 100 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ജയിലില്‍ 120 പേരെ പാര്‍പ്പിക്കുന്നുണ്ടെന്ന് അര്‍ഥം. കൊളംബിയയില്‍ ഈ അടുത്തകാലത്ത് നടന്ന ഏറ്റവും ദാരുണമായ സംഭവമാണ് ഇത്.
ജയിലുകളില്‍ തടവുകാര്‍ ഉണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ കൊളംബിയയിലും മറ്റ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും അടിക്കടി ഉണ്ടാവാറുണ്ട്. 2020 മാര്‍ച്ച് 24ന് കൊളംബിയയിലെ തലസ്ഥാനമായ ബൊഗോട്ടയിലെ ഒരു ജയിലില്‍ തടവുകാര്‍ സൃഷ്‌ടിച്ച കലാപത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടിരുന്നു. ജയിലില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് തടവുകാര്‍ സംഘര്‍ഷം ഉണ്ടാക്കിയത്.
2019ല്‍ ബ്രസീലിലെ ഒരു ജയിലില്‍ നടന്ന കലാപത്തില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 16 പേരെ തല വെട്ടിയാണ് കൊലപ്പെടുത്തിയത്.