വാഷിങ്‌ടൺ: ടെക്‌സാസിലെ സാൻ അന്‍റോണിയോയിൽ ട്രക്കിനുള്ളിൽ 42 പേരെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചവർ കുടിയേറ്റക്കാരാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. അതേസമയം മരണകാരണം കണ്ടെത്താനായിട്ടില്ലെന്നും മരിച്ചവർ ഏത് രാജ്യക്കാരാണെന്നത് അന്വേഷിച്ചുവരികയാണെന്നും വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
രക്ഷപ്പെട്ട 16 പേരെ വിവിധ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. നഗരത്തിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള റെയിൽറോഡ് ട്രാക്കുകൾക്ക് സമീപത്ത് തിങ്കളാഴ്‌ചയാണ് ട്രക്ക് കണ്ടെത്തിയത്. മെക്‌സിക്കൻ അതിർത്തിയിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള സാൻ അന്‍റോണിയോയിലെ താപനില തിങ്കളാഴ്‌ച 39.4 ഡിഗ്രി സെൽഷ്യസ് റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ മരണകാരണം ഉയർന്ന താപനിലയാണോ എന്നും സംശയിക്കുന്നു.
സംഭവത്തിൽ സാൻ അന്‍റോണിയോ പൊലീസിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. സമീപ കാലത്തായി യുഎസ്-മെക്‌സിക്കോ അതിർത്തി വഴിയുള്ള കുടിയേറ്റം വർധിച്ചുവരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇത് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ കുടിയേറ്റ നയങ്ങളെക്കെതിരായ വിമർശനങ്ങൾക്കും കാരണമായി.