ന്യൂയോർക്ക് : ലോകമെമ്പാടും പ്രതിദിനം 4,000 പേർക്ക് എച്ച്‌ഐവി ബാധിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ. യുഎന്നിന്‍റെ എച്ച്ഐവി/എയ്‌ഡ്‌സ് പദ്ധതിയുടെ ഭാഗമായ ഗ്ലോബൽ എച്ച്ഐവി റെസ്പോണ്‍സ് എന്ന പഠനമാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. ആഗോളതലത്തിൽ പുതിയ എച്ച്ഐവി അണുബാധകള്‍ക്കെതിരെയുള്ള പ്രതിരോധം മന്ദഗതിയിലാണെന്നും രോഗ പ്രതിരോധത്തിലും ചികിത്സയിലുമുള്ള നിക്ഷേപം രാജ്യങ്ങൾ വർധിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭ അഭ്യർഥിച്ചു.
കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷക്കാലമായി ഉണ്ടായ പ്രതിസന്ധിയിൽ എച്ച്‌ഐവിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ കുത്തനെ കുറഞ്ഞുവെന്നും തൽഫലമായി ദശലക്ഷക്കണക്കിന് ജീവനുകൾ അപകടത്തിലായെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 2020 നും 2021 നും ഇടയിൽ ആഗോളതലത്തിൽ പുതിയ അണുബാധകളുടെ എണ്ണം 3.6 ശതമാനം മാത്രമാണ് കുറഞ്ഞത്. 2016 ന് ശേഷമുള്ള ഏറ്റവും ചെറിയ വാർഷിക ഇടിവാണ് ഇതെന്നും റിപ്പോർട്ടിൽ പറയുന്നു.
കിഴക്കൻ യൂറോപ്പ്, മധ്യ ഏഷ്യ, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ എച്ച്ഐവി ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്. ഏഷ്യ പസഫിക്ക് മേഖലകളിൽ എച്ച്ഐവി അണുബാധകൾ വർധിക്കുന്നതായും, കിഴക്കൻ- തെക്കൻ ആഫ്രിക്കയിൽ രോഗ പ്രതിരോധത്തിൽ മുൻ വർഷങ്ങളിൽ ഉണ്ടായിരുന്ന ദ്രുതഗതിയിലുള്ള പുരോഗതി 2021-ൽ ഗണ്യമായി കുറഞ്ഞുവെന്നും റിപ്പോർട്ട് വ്യക്‌തമാക്കുന്നു.
അതേസമയം ആഗോള തലത്തിൽ എയ്‌ഡ്‌സ് പ്രതിരോധം അപകടത്തിലാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നതെന്ന് യുഎൻഎഐഡിഎസ് എക്‌സിക്യുട്ടീവ് ഡയറക്‌ടർ വിന്നി ബയനിമ പറഞ്ഞു. എയ്‌ഡ്‌സ് ഓരോ മിനിട്ടിലും ഒരു ജീവൻ അപഹരിക്കുന്നു. ഫലപ്രദമായ എച്ച്ഐവി ചികിത്സാ സംവിധാനങ്ങൾ ഉണ്ടായിട്ടും 2021-ൽ 6,50,000 എയ്‌ഡ്‌സ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്.
2025 ആകുമ്പോൾ പ്രതിവർഷ രോഗികളുടെ എണ്ണം 370,000 ആക്കണമെന്നതായിരുന്നു ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ ലക്ഷ്യം. എന്നാൽ നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2025-ൽ പ്രതിവർഷം പുതിയ അണുബാധ കേസുകളുടെ എണ്ണം 1.2 ദശലക്ഷത്തിലധികമായേക്കാം. ഇത് വിനാശകരമായ പ്രത്യാഘാതങ്ങളാകും ഉണ്ടാക്കുകയെന്നും വിന്നി ബയനിമ മുന്നറിയിപ്പ് നൽകി.