വാഷിങ്‌ടണ്‍ : ചൈനയുടെ മറ്റൊരു നിരീക്ഷണ ബലൂണ്‍ ലാറ്റിനമേരിക്കയ്‌ക്ക് മുകളിലൂടെ പറക്കുന്നത് കണ്ടെത്തിയെന്ന് യുഎസ്. യുഎസിലെ മൊണ്ടാനയ്‌ക്ക് മുകളിലൂടെ പറന്ന ചൈനയുടെ നിരീക്ഷണ ബലൂണ്‍ കണ്ടെത്തി ഒരു ദിവസത്തിന് ശേഷമാണ് പുതിയത് ശ്രദ്ധയില്‍പ്പെട്ടെന്നുള്ള യുഎസ് പ്രതിരോധ മന്ത്രാലയത്തിന്‍റെ പ്രസ്‌താവന. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ ചൈന സന്ദര്‍ശനത്തിന് മുന്നോടിയായി ഉണ്ടായ ഈ സംഭവങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാക്കിയിരിക്കുകയാണ്.
ചൈനയുടെ ബലൂണ്‍ മൊണ്ടാനയില്‍ എത്തുന്നതിന് മുമ്പ് തന്നെ അതിനെ ദിവസങ്ങളായി തങ്ങള്‍ നിരീക്ഷിക്കുകയായിരുന്നുവെന്ന് പെന്‍റഗണ്‍ വക്‌താവ് ജനറല്‍ പാട്രിക് റൈഡര്‍ പറഞ്ഞു. യുഎസിന്‍റെ വടക്കന്‍ ഭാഗത്ത് ഈ ബലൂണ്‍ കടന്ന് തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെ മുകളിലൂടെയാണ് പറന്നത്. യാത്രാവിമാനങ്ങള്‍ പറക്കുന്നതിനേക്കാള്‍ മുകളിലൂടെയാണ് ബലൂണ്‍ പറക്കുന്നത്. എന്നാല്‍ ബലൂണ്‍ സൈനികമായ ഭീഷണി ഉയര്‍ത്തുന്നില്ലെന്നും പെന്‍റഗണ്‍ വക്‌താവ് പറഞ്ഞു.
ചൈനീസ് ചാര ബലൂണിന് മൂന്ന് ബസുകളുടെ വലിപ്പമുണ്ട്. നോര്‍ത്ത് അമേരിക്കന്‍ എയ്‌റോസ്‌പേസ് ഡിഫന്‍സ് കമാന്‍ഡ് ബലൂണിനെ സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. ബലൂണിനെ കണ്ടെത്തിയ ഉടന്‍ തന്നെ തന്ത്രപ്രധാന വിവരങ്ങള്‍ ശേഖരിക്കപ്പെടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും റൈഡര്‍ പറഞ്ഞു.
മൊണ്ടാന സംസ്ഥാനത്തിലാണ് യുഎസിലെ ആകെയുള്ള മൂന്ന് ആണവ മിസൈല്‍ ഫീല്‍ഡുകളില്‍ ഒന്ന് മല്‍മ്‌സ്‌ട്രോം വ്യോമസേന ആസ്ഥാനത്ത് സ്ഥിതിചെയ്യുന്നത്. ജനസാന്ദ്രത വളരെ കുറഞ്ഞ സംസ്ഥാനമാണ് മൊണ്ടാന.
ബലൂണ്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്കുള്ളതെന്ന് ചൈന : ബലൂണ്‍ തങ്ങളുടേത് തന്നെയെന്ന് ചൈന സമ്മതിച്ചു. ബലൂണ്‍ സിവിലിയന്‍ എയര്‍ഷിപ്പാണെന്നാണ് ചൈനീസ് വിദേശകാര്യ വകുപ്പ് പ്രസ്‌താവനയില്‍ വ്യക്തമാക്കിയത്. ഗവേഷണത്തിന് വേണ്ടിയുള്ളതാണ് ഈ ബലൂണ്‍. പ്രധാനമായും കാലാവസ്‌ഥ ഗവേഷണത്തിന്.
കാറ്റ് കാരണവും സ്വയം നിയന്ത്രിത സംവിധാനത്തിന്‍റെ അപര്യാപ്‌തതയും കാരണം ബലൂണ്‍ നിശ്ചയിക്കപ്പെട്ട റൂട്ടില്‍ നിന്ന് മാറിപ്പോയി. യുഎസിന്‍റെ വ്യോമമേഖലയില്‍ ബലൂണ്‍ പ്രവേശിച്ചതില്‍ ഖേദിക്കുന്നു. ചൈന അന്താരാഷ്‌ട്ര നിയമങ്ങള്‍ പാലിക്കുന്ന ഉത്തരവാദപ്പെട്ട രാജ്യമാണ്. ഒരു പരമാധികാര രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ ലംഘിക്കുന്നതിന് തങ്ങള്‍ക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയില്‍ വ്യക്തമാക്കി.