ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത പുരസ്‌കാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കാനൊരുങ്ങി യുഎഇ. കശ്‌മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടി ലോകത്തിലെ മുസ്ലിം രാജ്യങ്ങളെ തങ്ങളുടെ ഒപ്പം നിര്‍ത്താന്‍ പാക്കിസ്ഥാന്‍ ശ്രമം നടത്തുന്നതിനിടെയാണ് യുഎഇ ഇന്ത്യക്ക് പിന്തുണയെന്ന രീതിയില്‍ മോദിക്ക് 'ഓര്‍ഡര്‍ ഓഫ് സയ്യിദ്' പുരസ്‌കാരം സമ്മാനിക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ അബുദബിയില്‍ എത്തിയിരുന്നു. അബുദബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ നെഹ്യാനുമായി മോദി കൂടികാഴ്‌ച നടത്തും.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മൂന്നാം തവണയാണ് മോദി യുഎഇയില്‍ എത്തുന്നത്. ജമ്മു കശ്‌മീരിലെ പുതിയ രാഷ്‌ട്രീയ സാഹചര്യം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തില്‍ മോദിയുടെ ഓരോ വിദേശരാജ്യ സന്ദര്‍ശനങ്ങളും ലോകശ്രദ്ധ ആകര്‍ഷിക്കുകയാണ്. കശ്‌മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന നിലപാടാണ് യുഎഇ സ്വീകരിച്ചിരിക്കുന്നത്. മുപ്പത് ലക്ഷത്തോളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന രാജ്യവുമായി ഇന്ത്യക്ക് 60 ബില്യണ്‍ ഡോളറിന്‍റെ വാണിജ്യ ബന്ധമാണുള്ളത്.