ദുബായ്: യുഎഇയുടെ ചൊവ്വാദൗത്യ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഏഴു മാസത്തെ യാത്രയ്ക്കു ശേഷമാണു ഹോപ് പ്രോബ് ഇന്നലെ രാത്രി ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. ഇതോടെ ഇത്തരത്തിൽ ഒരു നേട്ടം കൈവരിക്കുന്ന ആദ്യ അറബ് രാജ്യവും ലോകത്തിലെ അഞ്ചാമത്തെ രാഷ്ട്രവുമാണു യുഎഇ. ഹോപ് പ്രോബിന്‍റെ ദൗത്യങ്ങൾ ഉടൻ ആരംഭിക്കുമെന്നും യുഎഇ അറിയിച്ചു.
മൂന്ന് അത്യാധുനിക സംവിധാനങ്ങൾ വഴിയാണ് പ്രോബിന്‍റെ പര്യവേക്ഷണം നടക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പ്രോബ് ചിത്രങ്ങൾ അയച്ചു തുടങ്ങും. 687 ദിവസങ്ങൾ എടുത്താണ് വിവരശേഖരണം പൂർണമായി നടത്തുക. ഏകദേശം 687 ദിവസങ്ങൾ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ തുടരും. ചൊവ്വയെ ഒരിക്കൽ ചുറ്റിവരാൻ ഹോപ് പ്രോബിന് 55 മണിക്കൂർ വേണ്ടിവരും.