ദുബായ്: അബുദാബിയില്‍ രണ്ടിടത്തായി സ്‌ഫോടനം. മൂന്ന് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു. മരിച്ചത് രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാനിയുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
അബുദാബിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ കമ്പനിയായ അഡ്നോക്കിന്റെ സംഭരണ കേന്ദ്രത്തിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് എണ്ണ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. തുടര്‍ന്ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വിപുലീകരണം നടക്കുന്ന സ്ഥലത്തും സ്‌ഫോടനമുണ്ടായി.
ഡ്രോൺ ആക്രമണത്തെ തുടര്‍ന്നാണ് സ്‌ഫോടനവും തീപിടിത്തവുമുണ്ടായതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഡ്രോണിന് സമാനമായ ചെറിയ പറക്കുന്ന വസ്തുക്കളാണ് രണ്ട് പ്രദേശങ്ങളിൽ വീണതും പൊട്ടിത്തെറിക്കും തീപിടിത്തത്തിനും കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി അബുദാബി പൊലീസ് പറഞ്ഞു.
യെമനിലെ ഹൂതി വിമതർ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. യെമനിൽ വർഷങ്ങളായി തുടരുന്ന യുദ്ധം രൂക്ഷമായിരിക്കെ, എമിറേറ്റ്‌സിന്‍റെ കപ്പൽ അടുത്തിടെ ഹൂതികൾ പിടിച്ചെടുത്തിരുന്നു.