ബെയ്റൂട്ട്: ലെബനീസ് അംബാസഡറോട് രാജ്യം വിടാനും ലെബനനിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും നിർത്തിവയ്ക്കാനും സൗദി അറേബ്യ ഉത്തരവിട്ടു. ആഭ്യന്തര യുദ്ധങ്ങള്‍ക്ക് പിന്നില്‍ സൗദിയുടെ കടന്നു കയറ്റമാണെന്ന ലബനീസ് ഇൻഫർമേഷൻ മന്ത്രി ജോർജ് കോർദാഹിയുടെ പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് രാജ്യത്തിന്‍റെ നടപടി.
ബെയ്റൂട്ടിലുള്ള സൗദി അംബാസഡര്‍മാരോട് രാജ്യത്തേക്ക് മടങ്ങാനും നിര്‍ദേശമുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ രാജ്യത്ത് താമസിക്കുന്നതും ജോലി ചെയ്യുന്നതുമായ പതിനായിരക്കണക്കിന് ലെബനൻ പൗരന്മാരെയും അവരുടെ കുടുംബങ്ങളെയും ഈ നീക്കം ബാധിക്കില്ലെന്നും സൗദി വ്യക്തമാക്കി.
ഇതേകാരണത്താലാണ് രണ്ട് ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്ന് ലെബനീസ് അംബാസഡര്‍മാര്‍ക്ക് ബഹ്‌റൈനും നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റിയും പ്രസിഡന്‍റ് മിഷേൽ ഔണും വിഷം ചർച്ച ചെയ്‌തിട്ടുണ്ട്.
ഉചിതമായ തീരുമാനം എടുക്കാൻ ജോർജ് കോർദാഹിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവിലെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുമെന്ന പ്രതീക്ഷയിൽ മന്ത്രിയോടുള്ള രാജിവയ്ക്കാനുള്ള പ്രത്യക്ഷമായ ആഹ്വാനമാണിത്.
സൗദിയുടെ നീക്കത്തിൽ ഖേദം പ്രകടിപ്പിച്ച മിക്കാറ്റി തീരുമാനം പുനഃപരിശോധിക്കാൻ രാജ്യത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സൗദിയുമായുള്ള ആഴത്തിലുള്ള സാഹോദര്യ ബന്ധത്തിന് കോട്ടം തട്ടുന്നതെന്തും തന്‍റെ സർക്കാർ നിരാകരിക്കുമെന്നും കോർദാഹിയുടെ അഭിപ്രായങ്ങൾ സർക്കാരിന്‍റേതല്ലെന്നും മിക്കാറ്റി വ്യക്തമാക്കി.
also read: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്തുവിട്ട് റമീസ് മുഹമ്മദ്
അതേസമയം മുൻ ടിവി അവതാരകനായ കോർദാഹി കഴിഞ്ഞ സെപ്റ്റംബറിലാണ് മന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഇതിന് മുന്നെ ഒരു ടിവി പരിപാടിയിലായിരുന്നു കോർദാഹിയുടെ പ്രസ്‌താവന. ഇതിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിതാണ് സൗദിയുടെ നടപടിക്ക് പിന്നില്‍.
ഇറക്കുമതി നിരോധിക്കാനുള്ള സൗദി തീരുമാനം ആധുനിക ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ലബനന് കനത്ത തിരിച്ചടിയാണ്. പതിറ്റാണ്ടുകളായി ലെബനീസ് ഉൽപ്പന്നങ്ങളുടെ ഒരു പ്രധാന വിപണിയാണ് സൗദി.
2019 അവസാനത്തോടെ ലെബനന്റെ സാമ്പത്തിക തകർച്ച ആരംഭിച്ചതു മുതൽ, ലെബനൻ പൗണ്ടിന് അതിന്‍റെ മൂല്യത്തിന്‍റെ 90% ത്തിലധികം നഷ്ടപ്പെട്ടിരുന്നു. ഇതോടെ പതിനായിരക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെട്ട രാജ്യത്തെ ജനങ്ങളില്‍ മുക്കാൽ ഭാഗവും ദാരിദ്ര്യത്തിലാണ്.