റിയാദ്: ഇറാൻ ആണവ ശാസ്ത്രജ്ഞൻ മൊഹ്‌സെൻ ഫക്രിസാദെയുടെ വധത്തിൽ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് സൗദി അറേബ്യ. ശാസ്‌ത്രജ്ഞനെ കൊലപ്പെടുത്തിയത് സൗദി അറേബ്യ -യുഎസ്-ഇസ്രായേൽ ഗൂഡാലോചനയാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് ആരോപിച്ചതിന് പിന്നാലെയാണ് സൗദി വിദേശകാര്യ സഹമന്ത്രി അഡെൽ അൽ ജുബീർ രാജ്യത്തിന്‍റെ പങ്ക് നിഷേധിച്ചത്.കൊലപാതകങ്ങളിൽ ഏർപ്പെടുന്നത് സൗദി അറേബ്യയുടെ നയമല്ലെന്നും അൽ ജുബീർ പറഞ്ഞു.
ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ വെള്ളിയാഴ്ച സായുധ തീവ്രവാദികളാണ് ഫക്രിസാദെയെ കൊലപ്പെടുത്തിയതെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഭീകരവാദ ആരോപണങ്ങളെ തുടർന്ന് 2016 ന്‍റെ തുടക്കത്തിൽ സൗദി അറേബ്യയും ഇറാനുമായുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുകളുണ്ടായിരുന്നു .