റിയാദ്: സൗദിയിൽ പ്രായപൂർത്തിയാകാത്തവരെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കി. കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന പ്രായപൂർത്തിയാകാത്തവർക്ക് വധശിക്ഷ നൽകുന്നത് നിർത്തലാക്കി സൗദി അറേബ്യ ഉത്തരവ് പുറപ്പെടുവിച്ചു. വധശിക്ഷയിൽ നൽകിയ ഇളവ് ആധുനിക ശിക്ഷാനിയമം കൊണ്ടുവരുന്നതിന് കൂടുതൽ സഹായകരമാകും. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ നേതൃത്വത്തിൽ നടത്തുന്ന വിഷൻ 2030ന്‍റെ ഭാഗമായി രാജ്യത്തിലെ എല്ലാ മേഖലകളിലും പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിൽ ഇത് സുപ്രധാന പങ്കുവഹിക്കുമെന്നും സൗദി മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ അവാദ് അലവാദ് പറഞ്ഞു.
സൗദി അറേബ്യയുടെ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിന്‍റെയും മകൻ സൽമാന്‍റെയും പരിഷ്കരണ നടപടികളുടെ ഭാഗമായി നേരത്ത ചാട്ടവാറടി ശിക്ഷാവിധികളിൽ നിന്ന് ഒഴിവാക്കിയിരുന്നു. സൗദി അറേബ്യ നിർണായക മനുഷ്യാവകാശ പരിഷ്‌കാരങ്ങൾ സാക്ഷാത്കരിക്കുന്നതിനെ അവാദ് അലവാദ് സ്വാഗതം ചെയ്‌തു. കൂടാതെ, സൗദ്യയിലെ എല്ലാ പൗരന്മാർക്കും നിവാസികൾക്കും ഇതുവഴി മെച്ചപ്പെട്ട ജീവിതനിലവാരം കൊണ്ടുവരാൻ സാധിക്കുമെന്നും വിഷൻ 2030ന്‍റെ ഭാഗമായി എടുത്ത സമീപകാല തീരുമാനങ്ങൾ അവ പ്രതിഫലിപ്പിക്കുന്നതാണെന്നും മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ അലവാദ് കൂട്ടിച്ചേർത്തു.