ബെയ്‌റൂട്ട്: സിറിയയിലെ വിമതരുടെ കേന്ദ്രമായ ഇദ്‌ലിബിലുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ പത്ത് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം പ്രദേശവാസികളാണ് . വ്യാഴാഴ്‌ച ഇദ്‌ലിബിലുള്ള അരിഹ നഗരത്തിലെ ഒരു ആശുപത്രിക്ക് സമീപമാണ് ആക്രമണം നടന്നത്. മരിച്ചവരില്‍ അഞ്ച് സ്‌ത്രീകളും ഉള്‍പ്പെടുന്നുണ്ടെന്ന് സിറിയന്‍ മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. റഷ്യന്‍ ഗവണ്‍മെന്‍റിന്‍റെ പിന്തുണയുള്ള സൈന്യം ഇവിടെ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണെന്നും കമ്മീഷന്‍ ആരോപിച്ചു. ആശുപത്രിക്ക് സമീപമുണ്ടായിരുന്ന ഒരു ബേക്കറി അടക്കം മൂന്ന് കെട്ടിടങ്ങള്‍ റഷ്യന്‍ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ മേഖലയില്‍ റഷ്യ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ 2015 ലാണ് റഷ്യന്‍ സൈന്യം മേഖലയിലെത്തുന്നത്. വിമതരുടെ ആക്രമണത്തില്‍ നിന്ന് സിറിയന്‍ സര്‍ക്കാരിന് സംരക്ഷണമൊരുക്കുക എന്ന ദൗത്യത്തോടെയാണ് സൈന്യം മേഖലയിലെത്തിയത്.