ബാഗ്ദാദ്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി തുടരുന്ന ഇറാഖില്‍ റോക്കറ്റ് ആക്രമണം. പ്രക്ഷോഭം നടക്കുന്ന ബാഗ്ദാദിലെ ഗ്രീൻ സോണിൽ റോക്കറ്റുകൾ പതിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല . കനത്ത സുരക്ഷയുള്ള ഗ്രീൻ സോണിൽ എംബസികളും ചില പ്രധാന ഇറാഖ് സർക്കാർ ഓഫീസുകളും സ്ഥിതിചെയ്യുന്നുണ്ട്. റോക്കറ്റുകളിലൊന്ന് ടൈഗ്രിസ് നദിയുടെ തീരത്താണ് പതിച്ചത്.
അതേസമയം സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായ മധ്യ ബാഗ്ദാദിൽ കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. വാഹനത്തിലൊളിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ സൈന്യം നടത്തിയ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായ തയാരൺ സ്‌ക്വയറിനും തഹ് രിർ സ്‌ക്വയറിനും സമീപത്താണ് സ്‌ഫോടനമുണ്ടായത്.
രൂക്ഷമായ സാമ്പത്തിക മാന്ദ്യമാണ് ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. വേള്‍ഡ് ബാങ്കിന്‍റെ കണക്ക് പ്രകാരം ഇറാഖിലെ 5 പേരില്‍ ഒരാള്‍ പട്ടിണിയിലാണ്. 25 ശതമാനമാണ് ഇറാഖിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ.