ന്യൂഡല്‍ഹി: ഇറാന്‍റെ ഖുദ്‌സ് ഫോഴ്‌സ് തലവന്‍ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിനെ തുടർന്ന് ഗൾഫ് മേഖലയില്‍ ഉടലെടുത്ത സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ആശങ്ക അമേരിക്കയുമായി പങ്കുവെച്ചെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്‌പറുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് രാജ്‌നാഥ് സിങ് രാജ്യത്തിന്‍റെ ആശങ്ക അറിയിച്ചത്. ഗൾഫ് മേഖലയിലെ ഇന്ത്യയുടെ താല്‍പര്യങ്ങളും അദ്ദേഹം പങ്കുവെച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ഉൾപ്പെടെ ഗൾഫ് മേഖലയില്‍ അടുത്തിടെ നടന്ന സംഭവ വാകസങ്ങളെ കുറിച്ച് എസ്‌പർ രാജ്‌നാഥ് സിങ്ങിനോട് സംസാരിച്ചു. പ്രതിരോധ രംഗത്തെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സന്നദ്ധത ഇരു രാജ്യങ്ങളും പ്രകടിപ്പിച്ചു.
സുലൈമാനിയെ യുഎസ് ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ച ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. അമേരിക്കന്‍ ആക്രമണത്തിന് പ്രതികാരമായി ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് 20ലധികം മിസൈലുകൾ ഇറാൻ വിക്ഷേപിച്ചിരുന്നു. ഇപ്പോഴും മേഖലയില്‍ സംഘർഷാവസ്ഥ തുടരുകയാണ്. ലോക രാജ്യങ്ങ്യൾ ഇതുവഴിയുള്ള വ്യോമപാത ഉൾപ്പെടെ അടച്ചിട്ടു. യുദ്ധസമാനമായ അന്തരീക്ഷമാണ് ഗൾഫ് മേഖലയില്‍ നിലനില്‍ക്കുന്നത്.