തെൽ അവീവ്: ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘർഷങ്ങൾ നിലനിൽക്കെ വടക്കുകിഴക്കൻ ജറുസലേമിൽ കാർ ഇടിച്ചുകയറ്റാൻ ശ്രമിച്ചുവെന്നാരോപിച്ച് പലസ്തീൻ യുവതിയെ ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) വെടിവച്ചു കൊന്നു. മരിച്ച യുവതി അബു ഡിസിലെ ഡോക്‌ടറൽ വിദ്യാർഥി മായ് അഫാന (29) ആണെന്ന് പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
Also Read: ഇസ്രയേൽ- ഹമാസ് വെടിനിർത്തല്‍ സ്വാഗതം ചെയ്ത് റഷ്യ
ജറുസലേമിന് വടക്കുകിഴക്കായി പലസ്തീൻ പട്ടണമായ ഹിസ്‌മെയിലാണ് സംഭവം. ഹിസ്‌മെക്ക് സമീപം തീവ്രവാദിയെന്ന് ആരോപിക്കപ്പെടുന്ന യുവതി സൈനികർക്ക് നേരെ കാറിടിച്ച് കയറ്റാൻ ശ്രമിച്ചുവെന്നാണ് ഐഡിഎഫ് പ്രസ്‌താവന. അതേസമയം ഇസ്രയേൽ സൈനികർക്കിടയിൽ ആളപായമില്ലെന്നും ആക്രമണകാരിയെ കൊലപ്പെടുത്തിയതായും ഐഡിഎഫ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം വടക്കൻ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു പലസ്തീൻ യുവാവ് കൊല്ലപ്പെട്ടിരുന്നു. കൂടാതെ കഴിഞ്ഞ വ്യാഴാഴ്‌ച വടക്കൻ വെസ്റ്റ് ബാങ്കിൽ പ്രവർത്തിക്കുന്ന ഇസ്രായേൽ സേനയുമായുള്ള വെടിവയ്പിൽ പലസ്തീൻ അതോറിറ്റി സുരക്ഷാ സേനയിലെ രണ്ട് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.