സന: യെമനിൽ സർക്കാർ സേനയും ഹൂതി മിലിഷ്യയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നൂറിലധികം പേർ മരിച്ചു. രാജ്യത്തിന്‍റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ തായിസിലെ വർധിച്ചുവരുന്ന പോരാട്ടം നിരവധി പ്രദേശങ്ങളെ ബാധിച്ചിട്ടുണ്ടെന്നും എണ്ണ സമ്പന്ന പ്രവിശ്യയായ മാരിബിൽ മറ്റ് സംഘര്‍ഷങ്ങള്‍ ശക്തമായിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഹൂതി മിലിഷ്യയിലെ 60 ഓളം പോരാളികളും സർക്കാർ സേനയിലെ 36 സൈനികരും കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ അറിയിച്ചു. സർക്കാർ സേനയെ പിന്തുണച്ചുകൊണ്ട് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്‍റെ യുദ്ധവിമാനങ്ങൾ മാരിബിലെ ഹൂതികളുടെ കൈവശമുള്ള പ്രദേശങ്ങളില്‍ വ്യോമാക്രമണം നടത്തിയിരുന്നു. യെമൻ സഖ്യം 26ലധികം വ്യോമാക്രമണങ്ങൾ നടത്തിയതായി ഹൂതി സംഘം അറിയിച്ചെങ്കിലും അപകടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
തായിസിന്‍റെ കിഴക്കൻ ഭാഗങ്ങളില്‍ വലിയ രീതിയില്‍ അക്രമങ്ങള്‍ നടക്കുന്നുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള ജനവാസ പ്രദേശങ്ങളിൽ ഹൂതികള്‍ ഷെല്ലാക്രമണം നടത്തുന്നത് സാധാരണക്കാരെ ബാധിക്കുന്നുണ്ട്. 2014 അവസാനത്തോടെ ഹൂതികൾ തലസ്ഥാനമായ സനയടക്കം യെമന്‍റെ ഭൂരിഭാഗവും കീഴടക്കുകയും എല്ലാ വടക്കൻ പ്രവിശ്യകളും പിടിച്ചെടുക്കുകയും ചെയ്തു. ഇതാണ് യെമനില്‍ ആഭ്യന്തര യുദ്ധത്തിന് കാരണമായത്.