കുവൈറ്റ് സിറ്റി: ഇന്ത്യയില്‍ നിന്നുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി കുവൈറ്റ്. ഇവിടെ കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ഏപ്രില്‍ 24 മുതലാണ് വിലക്കെന്ന് കുവൈറ്റ് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. പുതിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നോ, മറ്റ് രാജ്യങ്ങള്‍ വഴിയോ വരുന്നവര്‍ 14 ദിവസം ഇന്ത്യയ്ക്ക് പുറത്ത് തങ്ങിയ ശേഷം രാജ്യത്ത് പ്രവേശിക്കാമെന്നും പ്രസ്‌താവനയില്‍ പറയുന്നു. കുവൈറ്റ് പൗരന്മാര്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും, അവരുടെ ജോലിക്കാര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ട്. ചരക്ക് ഗതാഗതം തുടരും.
കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ കണക്ക് അനുസരിച്ച് ഒരു മില്ല്യണിലധികം ഇന്ത്യക്കാരാണ് രാജ്യത്ത് താമസിക്കുന്നത്. നേരത്തെ കാനഡയും, യുകെയും, യുഎഇയും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
കൂടുതല്‍ വായനയ്‌ക്ക് ; കാനഡയിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ മെയ് 21 വരെ റദ്ദാക്കി
ലോകത്ത് ഏറ്റവും ഉയര്‍ന്ന കൊവിഡ് പ്രതിദിന നിരക്കാണ് അടുത്ത ദിവസങ്ങളില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 3.4 ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
Read More : രാജ്യത്ത് 24 മണിക്കൂറിനിടെ 3.4 ലക്ഷം കൊവിഡ് രോഗികള്‍; 2500 കടന്ന് മരണം
ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇയും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഞായറാഴ്‌ച മുതല്‍ 10 ദിവസത്തക്കാണ് താത്ക്കാലിക നിരോധനം. 14 ദിവസത്തിനിടെ ഇന്ത്യയില്‍ താമസിച്ച യാത്രക്കാര്‍ക്കും വിലക്ക് ബാധകമാണ്. എന്നാല്‍ യുഎഇയില്‍ നിന്ന് യാത്രക്കാര്‍ക്ക് ഇന്ത്യയിലേക്ക് പോവാന്‍ അനുമതിയുണ്ട്. ഇന്ത്യയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ മറ്റ് രാജ്യങ്ങളില്‍ 14 ദിവസം തങ്ങുകയാണെങ്കില്‍ യുഎഇയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള കാര്‍ഗോ സേവനം തുടരും.