ജെറുസലേം: കൊവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ച് ഇസ്രായേല്‍ ഭരണകൂടം. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്. പ്രതിദിനം 3000 യാത്രികര്‍ക്കാണ് ഇസ്രായേലിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. ഇതടക്കമുള്ള എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയതായാണ് പ്രഖ്യാപനം. കൊവിഡ് പരിശോധനയും സാമൂഹിക അകലം പാലിക്കലുമടക്കമുള്ള വ്യവസ്ഥകള്‍ നടപ്പിലാക്കാനുള്ള വിമാനത്താവളങ്ങളുടെ ശേഷിക്കനുസരിച്ച് വിമാനങ്ങളുടെയും പ്രതിദിന യാത്രികരുടെയും എണ്ണം നിശ്ചയിക്കാം.
രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്ന ഇസ്രായേലി പൗരന്മാര്‍ പ്രത്യേക സമിതിയുടെ അനുമതി വാങ്ങണമെന്നും നിര്‍ദേശം നിലനിന്നിരുന്നു. ഈ ഉത്തരവും പിന്‍വലിക്കപ്പെട്ടു. മാര്‍ച്ച് 28വരെ പുതിയ നിര്‍ദേശങ്ങള്‍ നിലവിലുണ്ടാവും. കൊവിഡ് സാഹചര്യം പരിഗണിച്ചാകും തുടര്‍ നിയന്ത്രണങ്ങളെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ടാബാ അതിര്‍ത്തിയിലൂടെ ഈജിപ്തിലേക്കുള്ള വാഹന ഗതാഗതവും പുനസ്ഥാപിച്ചു. ഇതോടെ സിനായില്‍ അവധിക്കാലം ആഘോഷിക്കാനുള്ള അവസരവും ഇസ്രായേലികള്‍ക്ക് കൈവരികയാണ്.