ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗദി അറേബ്യയിലെത്തി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. നിയോം നഗരത്തിൽ വെച്ചാണ് നെതന്യാഹുവും സൗദി നേതാവുമായുള്ള ആദ്യത്തെ ഉന്നതതല കൂടിക്കാഴ്ചയ് നടന്നത്തിയത്. നെതന്യാഹുവിനൊപ്പം മൊസാദ് രഹസ്യാന്വേഷണ വിഭാഗം മേധാവി യോസി കോഹനും കൂടികാഴ്ചയിൽ പങ്കെടുത്തിരുന്നു.
കൊവിഡ് 19 മന്ത്രിസഭാ യോഗം മാറ്റിവെച്ച് നെതന്യാഹു സൗദി അറേബ്യയിലേക്ക് എത്തിയത് ഇരു രാജ്യങ്ങലും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നിമിഷത്തെ അടയാളപ്പെടുത്തുമെന്ന് നിരീക്ഷകർ പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്‍റെ പ്രേരണയെത്തുടർന്ന് അടുത്ത മാസങ്ങളിൽ ഈ ബന്ധം ശക്തിപ്പെട്ടിരുന്നു. ഇറാനിയൻ സ്വാധീനത്തിനെതിരായ പോരാട്ടത്തിൽ തന്ത്രപരമായ പങ്കാളിയായി ഇസ്രായേലിനെ പരിഗണിക്കുന്നത് സൗദി കിരീടാവകാശിയാണെന്നാണ് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം ഇസ്രായേലിലെയും ഗൾഫ് രാജ്യങ്ങളിലെയും പര്യടനത്തിനിടെയാണ് താൻ സൗദി അറേബ്യയിലെ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് പോംപിയോ ട്വീറ്റ് ചെയ്തു. എന്നാൽ ഇസ്രയേൽ നേതാവിന്‍റെ സാന്നിധ്യം അദ്ദേഹം പരാമർശിച്ചില്ല. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയതിൽ സന്തോഷമുണ്ടെന്നും തങ്ങളുടെ സുരക്ഷയും സാമ്പത്തിക പങ്കാളിത്തവും ശക്തമാണെന്നും അദേഹം ട്വീറ്റിൽ പറഞ്ഞു.