ഗാസ : ഇസ്രയേൽ-പലസ്‌തീൻ സംഘർഷം രൂക്ഷമായതോടെ ഗാസയിൽ വ്യോമാക്രമണത്തിൽ 100ൽ അധികം പേർ മരിച്ചു. തിങ്കളാഴ്‌ച ഇസ്രയേൽ വ്യോമാക്രമണം ആരംഭിച്ചത് മുതൽ 27 കുട്ടികളടക്കം 103 പേർ മരിച്ചതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 580 ഓളം പേർക്ക് പരിക്കേറ്റു. നിരവധി വീടുകള്‍ തകർന്നു.
ഈദുൽ ഫിത്തർ ദിനത്തിലും അതിർത്തിയിൽ സംഘര്‍ഷങ്ങള്‍ക്ക് ശമനമുണ്ടായില്ല. അഭയാർഥി ക്യാമ്പുകൾക്ക് നേരെയും ആക്രമണമുണ്ടായി. ഇസ്രായേൽ ബെൻ ഗുരിയോൺ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടുകയും യാത്രക്കാരെ തിരിച്ചയയ്ക്കുകയും ചെയ്‌തു. ജറുസലേമിനെ ചൊല്ലിയുള്ള തർക്കമാണ് ഇസ്രയേൽ-പലസ്‌തീൻ സംഘർഷം രൂക്ഷമാക്കുന്നത്.
കൂടുതൽ വായനക്ക്: വീണ്ടും വിലാപഭൂമിയായി പലസ്തീന്‍ ഇസ്രയേല്‍ മേഖലകള്‍ ; മരണസംഖ്യയേറുന്നു
വെള്ളിയാഴ്ച പ്രാർഥനയ്ക്കായി ഇസ്ലാം മത വിശ്വാസികൾ അൽ-അഖ്സ പള്ളിയിൽ എത്തുന്നതിന് മുൻപ് ഇസ്രയേൽ സേന ഇവിടം തങ്ങളുടെ അധീനതയിലാക്കുകയും കർശന പരിശോധനകൾക്ക് ശേഷം മാത്രം വിശ്വാസികളെ പള്ളിയിലേക്ക് കടത്തിവിടുകയും ചെയ്തു. ഇതേ തുടര്‍ന്ന് വൈകിട്ടോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.
സംഘർഷം യുദ്ധത്തിന് വഴിവയ്ക്കുമോയെന്നാണ് ഉയരുന്ന ആശങ്ക. ഇതുവരെ ഏകദേശം 1,750 റോക്കറ്റുകളാണ് ഇസ്രയേൽ ഗാസയ്‌ക്ക് നേരെ അയച്ചതെന്ന് പലസ്‌തീൻ സൈന്യം അറിയിച്ചു.