ടെൽ അവീവ് : ഏതാനും നാളുകളായി ഗാസ നടത്തുന്ന ബലൂണ്‍ ബോംബ് ആക്രമണത്തിന് ഇസ്രയേല്‍ തിരിച്ചടി നല്‍കിയതായി റിപ്പോർട്ട്. ഗാസ അതിർത്തിക്കടുത്തുള്ള എഷ്കോൾ റീജിണൽ കൗൺസിലിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഉണ്ടായ വെടിവയ്‌പ്പിന് പിന്നാലെയാണ് ഇസ്രയേല്‍ തിരിച്ചടിച്ചത്.
വ്യോമാക്രമണത്തില്‍ ഹമാസിന്‍റെ റോക്കറ്റ് വിക്ഷേപണ കേന്ദ്രവും ആയുധ നിർമാണ കേന്ദ്രവും തകർന്നതായി ഇസ്രയേല്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഗാസയിൽ നിന്ന് വിക്ഷേപിച്ച ബലൂൺ ബോംബ് കാരണമാണ് ഇസ്രയേലില്‍ പലയിടത്തും തീപ്പിടിത്തമുണ്ടായതെന്ന് ഇസ്രയേൽ അഗ്‌നി ശമന സേന വക്താവ് അറിയിച്ചു.
ഈ ആഴ്ച ഇത് രണ്ടാം തവണയാണ് ഇസ്രയേല്‍ വ്യോമസേന ഗാസയെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വ്യാഴാഴ്‌ചയും ഗാസയിലെ ഹമാസ് ആയുധ നിർമാണ കേന്ദ്രത്തിൽ വ്യോമസേന ആക്രമണം നടത്തിയതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.
കെട്ടിടം പൊളിക്കലും പുതിയ പ്രശ്‌നങ്ങളും
ഏതാനും ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ വീണ്ടും സംഘർഷം ഉടലെടുത്തിരിക്കുകയാണ്. സിൽവാനിലെ കിഴക്കൻ ജറുസലേമിലെ ഒരു പലസ്തീൻ കട കഴിഞ്ഞ ചൊവ്വാഴ്‌ച ഇസ്രയേൽ പൊലീസ് പൊളിച്ചു.
ഇതാണ് പുതിയ സംഘർഷത്തിന് വഴിവച്ചത്. പ്രദേശത്ത് പലസ്തീനികളും പൊലീസും തമ്മില്‍ രൂക്ഷമായ സംഘർഷം അരങ്ങേറിയിരുന്നു. ഇരു രാജ്യങ്ങളും അവകാശവാദമുന്നയിക്കുന്ന സ്ഥലവും ഇസ്‌ലാം വിശ്വാസത്തിലെ മൂന്നാമത്തെ വിശുദ്ധ ദേവാലയവും ഇസ്രയേൽ-പലസ്തീൻ പോരാട്ടത്തിലെ നിര്‍ണായക സ്ഥലവുമായി അൽ-അക്സ പള്ളിക്ക് സമീപമുണ്ടായിരുന്ന കടയാണ് ഇസ്രയേല്‍ പൊലീസ് തകർത്തത്. ഇതാണ് സംഘര്‍ഷത്തിന്‍റെ മൂർച്ച കൂട്ടിയത്.
സൈനിക താവളം ഒരുങ്ങുന്നു
അതേസമയം, ഇസ്രയേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) സൈനിക താവളം സ്ഥാപിക്കാൻ ഒരുങ്ങുന്നതിനാല്‍ വെസ്‌റ്റ് ബാങ്ക് മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച് തുടങ്ങി.
ഒരാഴ്‌ചയ്‌ക്കകം ക്യാമ്പ് നിര്‍മാണം ആരംഭിക്കാമെന്നാണ് സൈന്യം കണക്കുകൂട്ടുന്നത്. ബീറ്റ, യത്മ ഗ്രാമങ്ങളിൽ നിന്നുള്ള പലസ്തീനികൾ ഈ ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നുണ്ട്. തർക്കത്തില്‍ ഉടൻ അന്തിമ തീരുമാനമുണ്ടാകുമെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു.