ബാഗ്ദാദ്: ഇറാഖില്‍ 24 മണിക്കൂറിനിടെ 4,576 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിനം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തിലെ റെക്കൊര്‍ഡ് വര്‍ധനവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. ഇതോടെ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,84,709 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാത്രമല്ല 2,895 പേര്‍ക്ക് രോഗമുക്തി നേടിയതായും 82 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യമന്ത്രാലയം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു. പകര്‍ച്ചവ്യാധിയുടെ തുടക്കം മുതല്‍ 1,84,709 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 1,31,000ലധികം പേര്‍ രോഗമുക്തി നേടിയതായും 6,036 പേര്‍ ഇതുവരെ മരിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം, രാജ്യത്തെ തീവ്രപരിചരണ വിഭാഗത്തില്‍ അഞ്ഞൂറോളം പേരുണ്ട്.
രോഗം പടരാനുള്ള സാധ്യത വര്‍ധിച്ചതോടെ ഇറാഖില്‍ നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ പിന്‍വലിക്കേണ്ടതില്ലെന്നും ധാരണയായി. പ്രാദേശിക സമയം രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയാണ് നിയന്ത്രണങ്ങള്‍. കൂടാതെ, പ്രവിശ്യകള്‍ തമ്മിലുള്ള ഗതാഗത ബന്ധം അടിയന്തര സാഹചര്യങ്ങളില്‍ ഒഴികെ താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുന്നതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൊറോണവൈറസ് ബാധയെ ലോകാരോഗ്യ സംഘടന മാര്‍ച്ച് 11ന് ഒരു പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,71,000 കടന്നു. കൂടാതെ ലോകത്തെ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 21.7 ദശലക്ഷം കവിഞ്ഞിട്ടുണ്ട്.