ടെഹ്‌റാൻ: ഇറാൻ പ്രാദേശികമായി വികസിപ്പിച്ച കൊവിഡ് വാക്‌സിൻ കൊവിറാൻ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങി. തലസ്ഥാന നഗരമായ ടെഹ്‌റാനിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി സയീദ് നമാകിയുടെ സാന്നിധ്യത്തിൽ മൂന്ന് പേർക്ക് വാക്‌സിൻ നൽകികൊണ്ടാണ് പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ചത്.
56 സന്നദ്ധപ്രവര്‍ത്തകരാണ് വാക്‌സിൻ പരീക്ഷണങ്ങളിൽ പങ്കാളികളാകുന്നത്. വാക്‌സിൻ പരീക്ഷണം ഇറാന്‍റെ ആത്മവിശ്വാസത്തിന്‍റെ സന്ദേശമാണെന്നും എന്ത് പാർശ്വഫലങ്ങളെയും നേരിടാൻ ജനങ്ങൾ തയ്യാറാണെന്നും സയീദ് നമാകി പറഞ്ഞു. ഇതുവരെ 12 ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് ഇറാനിൽ റിപ്പോർട്ട് ചെയ്‌തത്. 55,000 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.