ടെഹ്‌റാൻ: ഇസ്ലാമിക് റിപ്പബ്ലിക്കിലെ ഉദ്യോഗസ്ഥരുമായി ആണവ കരാര്‍ ചര്‍ച്ചകൾ നടത്താനൊരുങ്ങി ഇറാൻ. ആണവ കരാര്‍ സംബന്ധിച്ച പുതിയ നീക്കങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാൻ ഇസ്ലാമിക് റിപ്പബ്ലിക്കിലെ ഉദ്യോഗസ്ഥരുമായി ഞായറാഴ്‌ച രാത്രി കൂടിക്കാഴ്‌ച നടത്തുമെന്ന് ഇറാൻ വിദേശകാര്യ വക്താവ് അറിയിച്ചു. അമേരിക്കയുടെ വ്യോമാക്രമണത്തില്‍ ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് ശേഷം മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇറാൻ വിദേശകാര്യ വക്താവ് അബ്ബാസ് മൗസവി ഇക്കാര്യം അറിയിച്ചത്.
ആണവകരാറിന്‍റെ അഞ്ചാം ഘട്ടത്തിന് മുമ്പെടുത്ത തീരുമാനങ്ങൾ നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട് മറികടക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. 2015 ലെ ലോകശക്തികളുമായുള്ള ടെഹ്‌റാൻ ആണവ കരാറിന്‍റെ നിബന്ധനകൾ ലംഘിക്കുന്നതിനുള്ള അഞ്ചാമത്തെ ഘട്ടമാണിതെന്നും സാമ്പത്തിക ഉപരോധം തീര്‍ക്കുന്നതിനായി യുറേനിയം പരിമിതപ്പെടുത്തുമെന്നും ഇറാൻ ഓര്‍മിപ്പിച്ചു. എന്നാല്‍ ആണവ കരാറിന്മേല്‍ ഇറാന്‍റെ പുതിയ നീക്കം എന്തായിരിക്കുമെന്ന് അദ്ദേഹം വിശദമാക്കിയില്ല. ഇറാനിലെ ചരിത്രപ്രസിദ്ധവും തന്ത്രപരവുമായ 52 ഇടങ്ങളെ തങ്ങള്‍ ലക്ഷ്യം വച്ചിട്ടുണ്ടെന്ന് ഇന്നലെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്‌തിരുന്നു. ഇതിന് മറുപടിയായി ഇറാനെതിരെ യുദ്ധം നടത്താൻ യുഎസ് ഒരിക്കലും ധൈര്യപ്പെടില്ലെന്ന് ഇറാൻ ആര്‍മി കമാൻഡര്‍ ഇൻ ചീഫ് അബ്‌ദുൾ റഹിം മൗസവി പറഞ്ഞു.