വാഷിങ്ടണ്‍: ഗൾഫ് രാജ്യങ്ങൾ ആക്രമണ ഭീഷണിയിലെന്ന് യുഎസ് സൈന്യത്തിന്‍റെ സെൻട്രൽ കമാൻഡ് മേധാവി കനീത്ത് എഫ്. മെക്കന്‍സി. ഇറാന്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ കേന്ദ്രീകരിച്ച് വലിയ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് കനീത്ത് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലോകത്തെ തന്നെ വലിയ എണ്ണകമ്പനിയായ സൗദി ആരാംകോക്ക് നേരെ ആക്രമണം ഉണ്ടായേക്കാമെന്നാണ് ജനറല്‍ കനീത്ത് എഫ്. മെക്കന്‍സി പറഞ്ഞതെന്ന് ന്യൂേയാര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജൂത ഭരണകൂടത്തിനെതിരെ ആക്രമണമുണ്ടാകാനുള്ള സാധ്യത മെക്കന്‍സി തള്ളിക്കളഞ്ഞു. എന്നാല്‍ ഗൾഫ് രാജ്യങ്ങൾ അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
സൗദി എണ്ണപ്പാടങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ശക്തിപ്പെടുമെന്ന് ടൈംസ് ഓഫ് ഇസ്രയേലും റിപ്പോര്‍ട്ട് ചെയ്തു. ആക്രമണ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ സൈനികരെ അമേരിക്ക മിഡില്‍ ഈസ്റ്റിലെ പ്രധാന എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ ആരാംകോയ്ക്ക് മുകളിലുള്ള ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്ക ഇറാനെ കുറ്റപ്പെടുത്തിയിരുന്നു.