ടെഹ്‌റാന്‍: ഇറാന്‍റെ സര്‍ക്കാര്‍ ഇലക്‌ട്രോണിക് സംവിധാനങ്ങൾ ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണം പരാജയപ്പെടുത്തിയതായി ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് ജവാദ് അസാരി ജറോമി അറിയിച്ചു. സൈബര്‍ സുരക്ഷാ പ്രോജക്‌റ്റായ ഡെജ്‌ഫ ഫോര്‍ട്രെസിന് ആക്രമണത്തെ തടയാന്‍ സാധിച്ചുവെന്ന് ട്വിറ്ററിലൂടെയാണ് മന്ത്രി അറിയിച്ചത്. സെർവറുകളെയും ഹാക്കർമാരെയും ട്രാക്ക് ചെയ്‌തതായും മന്ത്രി അറിയിച്ചു.
രാജ്യത്തെ ഇലക്‌ട്രോണിക് സര്‍ക്കാര്‍ സംവിധാനങ്ങളെ ലക്ഷ്യമാക്കി സൈബര്‍ ആക്രമണമുണ്ടായിരുന്നുവെന്ന് ഡിസംബര്‍ പതിനൊന്നിന് മന്ത്രി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ദശലക്ഷക്കണക്കിന് ഇറാനിയന്‍ ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകൾ അദ്ദേഹം തള്ളിക്കളഞ്ഞു. ഈ വർഷം ജൂണിൽ ഇറാന്‍റെ ആയുധ സംവിധാനങ്ങൾ സൈബർ ആക്രമണത്തിന് വിധേയമായതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.