റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയായ സൗദി അരാംകോയുടെ രണ്ട് പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം. സൗദിയിലെ കിഴക്കന്‍ മേഖലയില്‍ നിന്ന് യമ്പൂ തുറമുഖത്തേക്ക് എണ്ണ എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനിലെ എട്ട്, ഒമ്പത് നമ്പര്‍ പമ്പിങ് സ്റ്റേഷനുകൾക്കു നേരെ ചൊവ്വാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്.
യെമനില്‍ നിന്നുള്ള ഇറാന്‍ അനുകൂല ഹൂതി വിമതരാണ് ഡ്രോണ്‍ ആക്രമണത്തിന് പിന്നിൽ എന്ന് സൗദി. ആക്രമണത്തെ തുടർന്ന് പൈപ്പ് ലൈനിൽ നിന്നുള്ള പമ്പിങ് നിർത്തി വച്ചു. ഇത് സൗദിയെ മാത്രം ലക്ഷ്യംവെച്ചുള്ള തീവ്രവാദ നീക്കമല്ലെന്നും മറിച്ച് ഗള്‍ഫ് മേഖലയെയും ലോകത്തെ എണ്ണ വിതരണ സുരക്ഷയെയും അട്ടിമറിക്കാനുള്ള ശ്രമമായിരുന്നുവെന്നും സൗദി ഊർജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. ഇറാന്‍ പിന്തുണയോടെ യെമന്‍ ഭീകരവാദികളായ ഹൂതികള്‍ നടത്തുന്ന ഇത്തരം വില കുറഞ്ഞ അക്രമങ്ങളെ എല്ലാ നിലയിലും പ്രതിരോധിക്കേണ്ടതിന്റെ പ്രാധാന്യം ഒന്നുകൂടി ബോധ്യമായെന്നും ഖാലിദ് അല്‍ ഫാലിഹ് വ്യക്തമാക്കി.