കൊളംബോ: പ്രവാസികൾക്ക് ഗൾഫ് രാഷ്ട്രങ്ങളിലേക്കുള്ള യാത്രക്ക് ആശ്വാസം നൽകിയിരുന്ന ഏക വഴിയായിരുന്നു ബഹ്‌റൈൻ. യുഎഇ ഇന്ത്യക്കാർക്ക് വിലക്കേർപ്പെടുത്തിയതും മാസങ്ങളോളം അടഞ്ഞുകിടന്ന സൗദി അറേബ്യ തുറന്നതും മൂലം നേരിട്ടെത്താൻ പ്രവാസികൾ അഭയം പ്രാപിച്ചിരുന്ന വഴിയായിരുന്നു ഇത്. പ്രവാസികളെ വീണ്ടും കഷ്ടത്തിലാക്കി ആ വഴിയാണ് ഇപ്പോൾ അടയുന്നത്. വിദേശത്ത് നിന്ന് ബഹ്റൈനിലേക്ക് വരുന്നവർക്കുള്ള നിബന്ധനകൾ ഇന്ന് മുതൽ പുതുക്കിയതായാണ് റിപ്പോർട്ട്. നിലവിൽ ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ന് മുതൽ ആരംഭിക്കുന്ന എല്ലാ വിമാനങ്ങളിലും ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക , ബംഗ്ലാദേശ്, നേപ്പാൾ എന്നീ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് പ്രവേശനം നിർത്തിവച്ചതായി ബഹ്റൈന്‍ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് പ്രഖ്യാപിച്ചു. അതായത് ബഹ്‌റൈൻ പൗരന്മാർക്കും റസിഡൻസ് വിസ ഉള്ളവർക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇന്ത്യയിൽ നിന്ന് വരുന്ന ജി.സി.സി പൗരന്മാർക്കും കഴിഞ്ഞ ഉത്തരവിൽ പ്രവേശനം അനുവദിക്കുകയുണ്ടായിരുന്നു. എന്നാൽ പുതിയ ഉത്തരവിൽ ഇവരെ ഒഴിവാക്കിയിട്ടുണ്ട്.
Read Also……………….യാത്രാ വിലക്ക് പിന്‍വലിച്ച് സൗദി അറേബ്യ
അതോടൊപ്പം തന്നെ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന വ്യവസ്ഥ മാറ്റമില്ലാതെ തന്നെ തുടരുകയാണ്. അതേസമയം, ബഹ്‌റൈനിൽ എത്തിയ ശേഷമുള്ള കൊവിഡ് പരിശോധനകളുടെ എണ്ണം അധികൃതർ കുറച്ചിട്ടുണ്ട്. ഇന്നു മുതൽ വിമാനത്താവളത്തിൽ വെച്ചും തുടർന്ന് പത്താം ദിവസവും കൊവിഡ് പരിശോധന നടത്തണം എന്നതാണ്. എന്നാൽ ഇതുവരെ അഞ്ചാം ദിവസവും പരിശോധന നടത്തേണ്ടിയിരുന്നു. പുതിയ നിബന്ധനകളിൽ ക്വാറന്‍റൈന്‍ വ്യവസ്ഥയിൽ മാറ്റം വരുത്തിയിട്ടില്ല. താമസ സ്ഥലത്തോ അല്ലെങ്കിൽ എൻഎച്ച്ആർഎയുടെ അംഗീകാരമുള്ള ഹോട്ടലിലോ ആണ് 10 ദിവസം ക്വാറന്‍റൈനില്‍ കഴിയേണ്ടത്. റെഡ് ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരും 48 മണിക്കൂറിനുള്ളിലെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, വിമാനത്താവളത്തിലും തുടർന്ന് പത്താം ദിവസവും കൊവിഡ് ടെസ്റ്റ്, 10 ദിവസത്തെ ക്വറന്‍റൈന്‍ എന്നീ വ്യവസ്ഥകൾ നിർബന്ധമാക്കിയിട്ടുണ്ട്.
എന്നാൽ, ബഹ്‌റൈനിൽ നിന്ന് ലഭിച്ച വാക്‌സിനേഷന്‍ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മറ്റ് അംഗീകൃത രാജ്യങ്ങളില്‍ നിന്നുള്ള സർട്ടിഫിക്കറ്റ് എന്നിവയുമായി വരുന്നവർക്ക് ക്വാറന്‍റൈനും പി.സി.ആർ ടെസ്റ്റും ആവശ്യമില്ല. അമേരിക്ക, യു.കെ, യൂറോപ്യൻ യൂണിയൻ, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള വാക്‌സിൻ സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് ക്വാറന്‍റൈന്‍ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.