ടെല്‍ അവീവ് : 12 വർഷം നീണ്ടുനിന്ന നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് അധികാരത്തിലേറിയിരിക്കുകയാണ് യമിന പാർട്ടി നേതാവ് നഫ്‌തലി ബെന്നറ്റ്. 73 വര്‍ഷത്തിന്‍റെ ചരിത്രമുള്ള രാജ്യത്തിന്‍റെ അസ്ഥിത്വവുമായി ഏറെ ആത്മബന്ധമുള്ള നേതാവാണ് തീവ്രവലതുപക്ഷ വാദിയായ ബെന്നറ്റ്.
ജൂതനായ ബെന്നറ്റ് രാജ്യത്തെ താരതമ്യേന മതനിരപേക്ഷതമായ മേഖലയായ ഹൈ ടെക്ക് സെക്ടറില്‍ നിന്ന് കോടികള്‍ സമ്പാദിച്ച ബിസിനസുകാരനാണ്. രാജ്യത്ത് കരുത്തറിയിച്ച സെറ്റില്‍മെന്‍റ് പ്രസ്ഥാനത്തിന്‍റെ അമരക്കാരിൽ ഒരാളായ അദ്ദേഹം ഒരു കാലത്ത് നെതന്യാഹു പക്ഷക്കാരനായിരുന്നു.
മാർച്ചിലെ തെരഞ്ഞെടുപ്പിൽ 120 അംഗങ്ങളുള്ള നെസെറ്റിൽ വെറും ഏഴ് സീറ്റുകൾ മാത്രമാണ് ബെന്നറ്റിന്‍റെ യമിന പാർട്ടി നേടിയത്. എന്നാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പാര്‍ട്ടിയുടെ തലവനായി നെതന്യാഹുവിനോ, മറ്റ് പാര്‍ട്ടികള്‍ക്കോ ഭൂരിപക്ഷം തെളിയിക്കാനുള്ള സീറ്റ് ലഭിക്കാതെ വന്നതോടെ ബെന്നറ്റ് കിങ്‌മേക്കറായി.
കിട്ടിയ അവസരം ഉപയോഗപ്പെടുത്താൻ ശ്രമിച്ച ബെന്നറ്റിനെതിരെ തെരഞ്ഞെടുക്കപ്പെട്ട ഏഴ് പേരില്‍ ഒരാള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാൽ നെതന്യാഹുവിന്‍റെ എതിരാളികളെ ഒപ്പം കൂട്ടിയ ബെന്നറ്റ് അധികാരത്തിലെത്തി.
പുത്തൻ സഖ്യവുമായി ഒരു അതിതീവ്ര ദേശീയവാദി
പാർലമെന്‍റില്‍ നെതന്യാഹുവിന്‍റെ വലതുവശത്ത് കുറേക്കാലമായി ബെന്നറ്റുണ്ട്. എന്നാല്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ള പാർട്ടികളെയും ഉള്‍പ്പെടുത്തിയുള്ള നെതന്യാഹുവിന്‍റെ ഭരണത്തോട് ബെന്നറ്റിന് താല്‍പര്യമില്ലായിരുന്നു. തന്‍റെ തീവ്രമായ നിലപാടുകള്‍ നടപ്പാകാതെ വരുന്നതിലുള്ള അമർഷം പലതവണ തുറന്നടിച്ച് ബെന്നറ്റ് നെതന്യാഹുവിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
പലസ്തീൻ സ്വാതന്ത്ര്യത്തെ എതിർക്കുന്ന ബെന്നറ്റ്, വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും ജൂത കുടിയേറ്റങ്ങളെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. പലസ്തീനികളും അന്താരാഷ്ട്ര സമൂഹവുമാണ് മേഖലയിലെ സമാധാനത്തിനുള്ള തടസമെന്നാണ് ബെന്നറ്റിന്‍റെ നിലപാട്.
അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങിയ നെതന്യാഹു വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജെറുസലേമിലെയും ജൂത സെറ്റില്‍മെന്‍റുകളുടെ നിർമാണത്തിന്‍റെ വേഗത കുറച്ചിരുന്നു. ഇതിനെതിരെയും ബെന്നറ്റ് രംഗത്തെത്തിയിരുന്നു. വെസ്റ്റ് ബാങ്ക് സെറ്റില്‍മെന്‍റ് കൗണ്‍സില്‍ തലവനായി ബെന്നറ്റ് കുറച്ചുകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രിയുടെ പദവിയും കയ്യാളി. വളരെ പ്രായോഗികമായി പെരുമാറുന്ന ഒരു വലതുപക്ഷ നേതാവാണ് ബെന്നറ്റെന്നാണ് ഇസ്രയേൽ ഡെമോക്രസി ഇൻസ്‌റ്റിറ്റ്യൂട്ട് മേധാവി യോഹന്നാൻ പ്ലെസ്‌നർ പറഞ്ഞത്.
നെതന്യാഹുവുമായുള്ള സ്‌പര്‍ദ്ധ
ആശയപരമായി അകല്‍ച്ചയുണ്ടായിരുന്നെങ്കിലും ബെന്നറ്റും നെതന്യാഹുവും ഒരു പക്ഷത്തായിരുന്നു. രണ്ട് വര്‍ഷത്തോളം നെതന്യാഹുവിന്‍റെ ചീഫ് ഓഫ് സ്റ്റാഫായും ബെന്നറ്റ് സേവനമനുഷ്ഠിച്ചു. എന്നാൽ, നെതന്യാഹുവിന്‍റെ ഭാര്യ സാറയുമായി ഇസ്രയേൽ മാധ്യമങ്ങൾക്ക് ബന്ധമുണ്ടായിരുന്നു എന്ന വെളിപ്പെടുത്തല്‍ വന്നതോടെ ഇരുവരും അകന്നു. നെതന്യാഹുവിന്‍റെ ഭരണത്തില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയിരുന്നയാളായിരുന്നു ഭാര്യ സാറ.
also read: ഇസ്രയേൽ സൈനിക പിന്തുണ ആവശ്യപ്പെട്ടില്ലെന്ന് യുഎസ്
മാര്‍ച്ചിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണത്തില്‍ തന്‍റെ തീവ്രവലതുപക്ഷ നിലപാടുകള്‍ ഉയർത്തിക്കാട്ടിയാണ് ബെന്നറ്റ് വോട്ടുചോദിച്ചത്. നെതന്യാഹുവിന്‍റെ പ്രധാന എതിരാളിയായ യായിർ ലാപിഡിനെ പ്രധാനമന്ത്രിയാകാൻ അനുവദിക്കില്ലെന്നും ബെന്നറ്റ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
നെതന്യാഹുവിന് ഒറ്റയ്‌ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭ്യമാകില്ലെന്ന ഉറപ്പായതോടെ ലാപിഡിനെ ഒപ്പം കൂട്ടിയ ബെന്നറ്റ് ആദ്യ രണ്ട് വര്‍ഷം പ്രധാനമന്ത്രിയാകാനുള്ള അവസരവും സ്വന്തമാക്കി.
രാജ്യദ്രോഹിയെന്നാണ് നെതന്യാഹുവിന്‍റെ അനുയായികൾ ബെന്നറ്റിനെ വിശേഷിപ്പിക്കുന്നത്. ബെന്നർ വോട്ടർമാരെ വഞ്ചിച്ചുവെന്ന് അവർ ആരോപിക്കുന്നു. വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ തള്ളിവിടാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് ബെന്നറ്റ് തന്‍റെ പുതിയ സഖ്യത്തെ ന്യായീകരിക്കുന്നത്.
തലമുറമാറ്റം
തീവ്ര ജൂതന്മാർ ധരിക്കുന്ന കിപ്പ (ഒരു പ്രത്യേക തരം തൊപ്പി) സ്ഥിരമായി അണിയിരുന്ന ഒരാള്‍ ആദ്യമായാണ് ഇസ്രായേലിന്‍റെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. അഞ്ച് മക്കളുള്ള ബെന്നറ്റ് ടെല്‍ അവീവിലാണ് ഒരു ഓര്‍ത്തഡോക്സ് ജൂത കുടുംബജീവിതം നയിക്കുന്നത്.
അമേരിക്കയില്‍ ജനിച്ചവരാണ് ബെന്നറ്റിന്‍റെ മാതാപിതാക്കള്‍. ഹൈഫയിലായിരുന്നു ജനനം. പിന്നീട് കുടുംബത്തോടൊപ്പം വടക്കേ അമേരിക്കയിലും ഇസ്രായേലിലുമായി ജീവിതം. സൈനിക സേവനം, ലോ സ്കൂൾ, സ്വകാര്യ മേഖല ജോലികള്‍ എന്നിവയെല്ലാം ഈ കാലയളവില്‍ കഴിഞ്ഞുപോയി.
അധുനികവും, മതപരവും, ദേശീയ ബോധവുമുള്ള ജീവിതമായിരുന്നു ബെന്നറ്റ് ആദ്യകാലം മുതല്‍ നയിച്ചിരുന്നത്. സൈന്യത്തില്‍ സേവനമനുഷ്ഠിച്ച ശേഷം ഹീബ്രു സർവകലാശാലയിലെ നിയമ സ്കൂളിൽ ചേര്‍ന്ന ബെന്നറ്റ് 1999 ൽ സിയോട്ട എന്ന ആന്‍റി-ഫ്രോഡ് സോഫ്‌റ്റ് വെയർ കമ്പനി ആരംഭിച്ചു.
2005 ൽ യുഎസ് ആസ്ഥാനമായുള്ള ആർഎസ്‌എ സെക്യൂരിറ്റിക്ക് 145 മില്യൺ ഡോളറിന് കമ്പനി വിറ്റു. ലെബനൻ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയ്‌ക്കെതിരായ 2006 ലെ ഇസ്രായേലിന്‍റെ യുദ്ധമാണ് തന്നെ രാഷ്ട്രീയത്തിലേക്ക് നയിച്ചതെന്നാണ് ബെന്നറ്റ് പറയുന്നത്. ഒരു മാസം നീണ്ടു നിന്ന യുദ്ധം ഇസ്രയേല്‍ സൈന്യത്തിനും ഭരണ നേതൃത്വത്തിനും ഏറെ പഴികള്‍ സമ്മാനിച്ചിരുന്നു.
also read: ഇസ്രയേൽ വ്യോമാക്രമണം: ഗാസയില്‍ രക്ഷപ്പെട്ടത് ആറ് മാസം പ്രായമുള്ള കുഞ്ഞ് മാത്രം
ഇസ്രയേല്‍ നേതാക്കളുടെ പട്ടികയിലെ മൂന്നാം തലമുറയുടെ തുടക്കമാണ് ബെന്നറ്റിലൂടെ ആരംഭിക്കുന്നത്. അറബ് രാജ്യങ്ങളുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഇസ്രായേലിന്‍റെ തലപ്പത്തേക്ക് ബെന്നറ്റ് എത്തുന്നത്. ഇസ്രയേല്‍ 3.0 എന്നാണ് മാധ്യമങ്ങള്‍ ബെന്നറ്റിനെ വിശേഷിപ്പിക്കുന്നത്.
'പിടിവാശിക്കാരനല്ലാത്ത ജൂത ദേശീയവാദി, ഭക്തനല്ലാത്ത മതവിശ്വാസി, സിവിലിയൻ നഗരജീവിതത്തിന്‍റെ സുഖസൗകര്യങ്ങൾ ഇഷ്ടപ്പെടുന്ന സൈനികൻ, കോടികള്‍ സമ്പാദിക്കാൻ ആഗ്രഹിക്കാത്ത ഒരു ഹൈടെക് സംരംഭകൻ, കുടിയേറ്റക്കാരനല്ലാത്ത ഇസ്രായേല്‍ മണ്ണിന്‍റെ സംരക്ഷകൻ, ആജീവനാന്ത രാഷ്ട്രീയക്കാരനല്ലാത്തവൻ' - വിശേഷങ്ങളേറെയാണ് ബെന്നറ്റിനെ സംബന്ധിച്ച് ഇസ്രായേലാകെ നിറഞ്ഞുനിൽക്കുന്നത്.
ഈ വാക്യങ്ങളും ബെന്നറ്റിന്‍റെ ചരിത്രവുമാണ് ഇസ്രായേലില്‍ ഉണ്ടാകാൻ പോകുന്ന സംഭവവികാസങ്ങളെ ലോക ശ്രദ്ധയിലേക്കെത്തിക്കാന്‍ പോകുന്നത്.