ബെയ്‌റൂട്ട്: ലെബനനിലെ രണ്ടാമത്തെ വലിയ നഗരമായ ട്രിപ്പോളിയിൽ നടന്ന പ്രതിഷേധത്തിൽ ഒരാഴ്‌ചയ്‌ക്കിടയിൽ 70 കുട്ടികൾക്ക് പരിക്കേറ്റതായി യുണിസെഫ്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ നടന്ന ഏറ്റുമുട്ടലിലാണ് കുട്ടികൾക്ക് പരിക്കേറ്റത്.
ഇത്തരം പ്രതിഷേധങ്ങളിൽ പ്രായപൂർത്തിയാകാത്തവർ പങ്കാളികളാകുന്നതിൽ രക്ഷകർത്താക്കൾക്ക് യുണിസെഫ് മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്താനും അവരുടെ ആരോഗ്യം സംരക്ഷിക്കാനും യുണിസെഫ് നിർദേശിച്ചിരുന്നു. തിങ്കളാഴ്‌ച മുതലാണ് ട്രിപ്പോളിയിൽ പ്രതിഷേധം ആരംഭിച്ചത്. ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്‌ഡൗൺ നീട്ടിയതിലും രാജ്യത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികളുടെ അഭാവത്തിലും പ്രദേശവാസികൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.