ബാഗ്‌ദാദ്: ഇറാഖിലെ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന വ്യോമത്താവളത്തെ ലക്ഷ്യമാക്കി രണ്ട് റോക്കറ്റ് ആക്രമണങ്ങൾ ഉണ്ടായതായി സൈന്യം റിപ്പോർട്ട് ചെയ്‌തു. യുഎസ് സൈനികരെ സംരക്ഷിക്കാൻ വിന്യസിച്ച സി-റാം കൗണ്ടർ റോക്കറ്റ്, പീരങ്കി മോർട്ടാർ സംവിധാനം ഇതിൽ ഒരു റോക്കറ്റിനെ നിർവീര്യമാക്കിയതായും അധികൃതർ പറഞ്ഞു. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. 10 ദിവസത്തിനിടയിലെ ഇത്തരത്തിലുള്ള രണ്ടാമത്തെ ആക്രമാണിത്.
ഇതുവരെ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരുംതന്നെ ഏറ്റെടുത്തിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നിരന്തരമായുള്ള ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനുമായി ബന്ധമുള്ള ഇറാഖി വിഭാഗങ്ങളാണെന്നാണ് യുഎസ് വാദം. കഴിഞ്ഞ ആഴ്‌ച ഇറാക് സൈന്യത്തിന്‍റെ കൈവശമുള്ള ബാഗ്‌ദാദ് വ്യോമത്താവളത്തെ ലക്ഷ്യം വച്ചും മൂന്ന് റോക്കറ്റുകൾ എത്തിയിരുന്നു. ഇതിൽ ഒരു സൈനികന് പരിക്കേൽക്കുകയും ചെയ്‌തു. ജോ ബൈഡൻ യുഎസ് പ്രസിഡന്‍റായി ചുമതലയേറ്റതിന് ശേഷം അമേരിക്കൻ സൈന്യത്തെ ലക്ഷ്യംവെച്ച് ഏകദേശം 30 ഓളം റോക്കറ്റുകളും ബോംബ് ആക്രമണങ്ങളുമാണ് നടന്നിട്ടുള്ളതെന്നും യുഎസ് അധികൃതർ ചൂണ്ടിക്കാട്ടി.