ന്യൂഡല്‍ഹി: ടെസ്‌ല ഇന്ത്യയില്‍ ഗവണ്‍മെന്‍റ് റെഗുലേഷനുമായി ബന്ധപ്പെട്ട് നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് കമ്പനി സ്ഥാപകന്‍ എലോണ്‍ മസ്‌ക്. പ്രമുഖ ഇലക്‌ട്രിക് കാര്‍ നിര്‍മാതാക്കളാണ് അമേരിക്കയിലെ ടെക്‌സാസ് ആസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടെസ്‌ല.
ടെസ്‌ലയുടെ ഇലക്‌ട്രിക് കാറുകളുടെ ഇറക്കുമതി ചുങ്കത്തില്‍ കുറവ് വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ ആദ്യം ടെസ്‌ലയുടെ ഇലക്‌ട്രിക് കാറിന്‍റെ ഉത്പാദനം ആരംഭിച്ചാല്‍ മാത്രമെ ഇറക്കമതിചുങ്കം കുറയ്‌ക്കുന്ന കാര്യം പരിഗണിക്കുകയുള്ളൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തത്.
ഒരുകമ്പനിക്ക് മാത്രമായി ഇറക്കുമതി ചുങ്കം കുറയ്‌ക്കുന്നത് മറ്റ് കമ്പനികളോട് ചെയ്യുന്ന വിവേചനമായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പൂര്‍ണമായും വിദേശത്ത് നിര്‍മിക്കപ്പെട്ട കാറുകള്‍ക്ക് ഇന്ത്യയില്‍ ഇറക്കുമതി ചുങ്കം 60മുതല്‍ 100 ശതമാനം വരെയാണ്.
കാറുകളുടെ വില പരിഗണിക്കാതെ എല്ലാ ഇലക്‌ട്രിക് കാറുകളുടെയും ഇറക്കുമതി ചുങ്കം 40 ശതമാനമായി നിജപ്പെടുത്തണമെന്നും 10 ശതമാനം സമൂഹ്യക്ഷേമ സര്‍ചാര്‍ജ് ഒഴിവാക്കണമെന്നും ടെസ്‌ല കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ടെസ്‌ല ഇന്ത്യയില്‍ അവരുടെ ഇന്ത്യന്‍ ശാഖ ചെയ്‌തിരുന്നു. ടെസ്‌ല ഇന്ത്യ മോട്ടേഴ്‌സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ബാംഗളൂരുവിലാണ് കമ്പനി രജിസ്‌റ്റര്‍ ചെയ്‌തത്.