റോം: കൊവിഡ് 19 വ്യാപനം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്‌തതിനേക്കാള്‍ നിലവില്‍ മരണം വ്യാപിക്കുന്നത് ഇറ്റലിയിലാണ്. ശനിയാഴ്‌ച മാത്രം 793 പേരാണ് രാജ്യത്ത് മരിച്ചത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ആകെ 4825 പേരാണ് ഇറ്റലിയില്‍ മരിച്ചിരിക്കുന്നത്. എന്തുകൊണ്ട് ഇറ്റലിയില്‍ ഇത്രയധികം മരണങ്ങൾ സംഭവിക്കുന്നുവെന്നത് എല്ലാവര്‍ക്കുമുള്ള സംശയമാണ്. അതിനുള്ള കാരണങ്ങള്‍ പരിശോധിക്കാം.
ഏറ്റവും പ്രധാന കാരണം ഇറ്റലിക്കാരുടെ പ്രായമാണ്. ഏറ്റവും കൂടുതല്‍ വൃദ്ധ ജനസംഖ്യയുള്ള ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഇറ്റലി. ഇറ്റലിക്കാരുടെ ആവറേജ് പ്രായം 45.4 വയസാണ്. ഇത് മരണസംഖ്യ ഉയരുന്നതിന് കാരണമാകുന്നു. കൊവിഡ് 19 വ്യാപനത്തില്‍ മരിച്ചവരില്‍ കൂടുതലും അറുപതി വയസ് കഴിഞ്ഞവരാണ്. ഇറ്റലിയിലെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ശരാശരി വയസ് 78.5 ആണ്. രോഗപ്രതിരോധ ശേഷി വളരെ കുറവുള്ള ഇത്തരക്കാര്‍ക്ക് രോഗം വന്നാല്‍ വിട്ടുമാറുക പ്രയാസമാണ്. വൈറസ് ബാധിച്ച 8.6 ശതമാനം വയോധികര്‍ മാത്രമേ രക്ഷപ്പെട്ടിട്ടുള്ളു.
ഏല്ലാ ആഘോഷങ്ങളും പൊതുസ്ഥലങ്ങളില്‍ വന്‍ ആള്‍ക്കൂട്ടങ്ങളെ സാക്ഷിയാക്കി കൊണ്ടാടുന്നവരാണ് ഇറ്റലിക്കാര്‍. കൊവിഡ് ചൈനയുടെ അതിര്‍ത്തികള്‍ കടന്ന് വ്യാപിച്ചപ്പോള്‍ മറ്റ് പല രാജ്യങ്ങളെപ്പോലെ ഇറ്റലിയും ജാഗ്രത പാലിച്ചില്ല. വൈറസ് രാജ്യത്ത് പടരാന്‍ ഇത് കാരണമായി. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്ത് വന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നു. എന്നാല്‍ ആദ്യത്തെ രോഗികളെ ചികിത്സ ഡോക്‌ടര്‍മാരും, നഴ്‌സുമാരും അടക്കുന്ന ആശുപത്രി ജീവനക്കാരിലേക്ക് വൈറസ് പടര്‍ന്നു. ഇന്ന് രാജ്യത്തെ കൊവിഡ് ബാധിതരില്‍ എട്ട് ശതമാനം ഡോക്‌ടര്‍മാരാണ്. ആശുപത്രി ജീവനക്കാരിലെ കുറവ് രോഗ പ്രതിരോധ നടപടികളെ കാര്യമായി ബാധിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യം നിശ്ചലമാണ്. നഗരങ്ങളില്‍ സൈന്യത്തെ അടക്കം വിന്യസിച്ചിട്ടുണ്ട്. വീടുകളില്‍ നിന്ന് പുറത്തുവരുന്നവരെ അറസ്‌റ്റ് ചെയ്യും. മരണസംഖ്യ ദിനംപ്രതി ഉയരുന്നതിനാല്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനും പ്രതിസന്ധികളുണ്ട്. പള്ളികളിലെ സെമിത്തേരികള്‍ പലതും അടച്ചിരിക്കുകയാണ്. വൈറസ് വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വരും ദിവസങ്ങള്‍ ഇറ്റലിയില്‍ നിര്‍ണായകമാണ്. മരണസംഖ്യ ഉയരാന്‍ തന്നെയാണ് സാധ്യത.