ജെനീവ: വുഹാനിലെ ചന്തയില്‍ നിന്നും മുയല്‍, ബാഡ്‌ജര്‍ എന്നീ മൃഗങ്ങള്‍ വഴി കൊവിഡ് മനുഷ്യരിലെത്തിയിരിക്കാമെന്ന് ഡബ്ല്യൂഎച്ച്ഒ. ചൈനയിലെ കൊവിഡ് ഉറവിടം കണ്ടെത്തന്നതിനായുള്ള ലോകാരോഗ്യ സംഘടനയുടെ വിദഗ്‌ധ സംഘത്തിന്‍റെ അഭിപ്രായമാണിത്. വുഹാന്‍ ചന്തയില്‍ ഇത്തരം മൃഗങ്ങളുടെ വില്‍പന നടത്തുന്നവരുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് വിദഗ്‌ധ സംഘം വ്യക്തമാക്കുന്നു.
ചന്തയില്‍ അനധികൃതമായും നിയമപരമായും വില്‍പന നടത്തിയ മൃഗങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞയാഴ്‌ചയാണ് ഡബ്ല്യൂഎച്ച്ഒ വിദഗ്‌ധ സംഘം ചൈനയിലെ നാലാഴ്‌ചത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. വുഹാനിലെ ലാബില്‍ നിന്നും വൈറസ് പടരാന്‍ സാധ്യതയില്ലെന്നും അതേസമയം വുഹാന്‍ ചന്തയില്‍ നിന്നും വൈറസ് വ്യാപനത്തിനുള്ള സാധ്യത ഇപ്പോഴും വ്യക്തമല്ലെന്നും സംഘം പ്രസ് കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി. വവ്വാലുകള്‍ ചന്തയില്‍ കൊവിഡ് വൈറസിനെ എത്തിച്ചതായി സംശയിക്കുന്നുവെന്നും സംഘം വ്യക്തമാക്കി.