ലണ്ടൻ: കാലാവസ്ഥ വ്യതിയാനത്തിന് ഇന്ത്യയെ ആക്ഷേപിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്ക് മലിനീകരണത്തെക്കുറിച്ചോ ശുചിത്വത്തെക്കുറിച്ചോ യാതൊരു ധാരണയുമില്ലെന്നും ട്രംപ് പറഞ്ഞു. ഈ രാജ്യങ്ങളിലെത്തിയാൽ ശുദ്ധവായു ശ്വസിക്കാൻ കഴിയില്ല. എന്നാൽ മലിനീകരണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും അവർ തയ്യാറാകുന്നില്ലെന്നും ട്രംപ് ആരോപിച്ചു. ഇംഗ്ലണ്ടിലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ട്രംപിന്‍റെ അതിരൂക്ഷ ആക്ഷേപം.
അമേരിക്കയിലെ അന്തരീക്ഷം നല്ലതാണ്. സര്‍വേ റിപ്പോര്‍ട്ടുകളിൽ നിന്നും അക്കാര്യം വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിയതാണ് പാരീസ് ഉടമ്പടിയെന്ന് ട്രംപ് പറഞ്ഞു. കരാറിലെ വ്യവസ്ഥകള്‍ സന്തുലിതമല്ലെന്നും തങ്ങളുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നും ആരോപിച്ചായിരുന്നു യുഎസ് 2017-ലെ ഉടമ്പടിയില്‍ നിന്നും പിന്മാറിയത്.
എലിസബത്ത് രാജ്ഞിയടക്കം പതിനഞ്ച് ലോക നേതാക്കൾ പങ്കെടുത്ത ഡി-ഡെ ലാൻഡിംങ്ങിന്‍റെ 75-ാം വാർഷികത്തിൽ പങ്കെടുക്കാൻ ബ്രിട്ടനിൽ എത്തിയതായിരുന്നു ട്രംപ്. മൂന്നു ദിവസത്തെ സന്ദർശനത്തിനു ശേഷം ട്രംപ് മടങ്ങും.